Sunday, December 18, 2011

വാടാമലരുകള്‍ ...!!


തെരുവോരത്തും വാടാമലരുകള്‍
സേവന പാതകളില്‍ ...
പെരുമഴയത്തും കാണാം പുലരികള്‍
ജീവിത  യാത്രകളില്‍ .....!!!
ഉണരാം ... ഉയരാം .... മനസ്സുകളേ ...
ഒന്നായ്  അണി ചേരാം ...
നാടിന്‍ മാറില്‍ ചാര്‍ത്താനായ്
കോര്‍ക്കാം കുസുമങ്ങള്‍ ....!!
സ്വാതന്ത്ര്യത്തിന്‍ പറവകളായ്
വാനോളം ഉയരാം...
നെഞ്ചില്‍ നിറയും ജ്വാലയുമായ് ...
സൂര്യനെ വരവേല്‍ക്കാം ....
ഒഴുക്കിനെതിരെ തുഴഞ്ഞു നീങ്ങാന്‍ ‍ ...
കരുത്തു നല്‍കിയ പൂര്‍വികരെ ,
സ്വാതന്ത്ര്യത്തിന്‍  പൊന്പുലരിക്കായ്‌ ...
 ജീവന്‍  നല്‍കിയ സോദരരേ ....
സ്വപ്നം കൊണ്ടൊരു സ്വര്‍ഗ്ഗം പണിയും ..
നവഭാരതത്തിന്‍  ശില്പികളേ .... 
മരുഭൂമികളില്‍ പനിനീര്‍മഴയായ് ...
അറിവുകള്‍ പകരും ഗുരുക്കളേ ....
we salute ... we salute ...

ഉണരാം ... ഉയരാം .... മനസ്സുകളേ ...
ഒന്നിച്ചണി ചേരാം ....
നാടിന്‍ മാറില്‍ ചാര്‍ത്തീടാന്‍
കോര്‍ക്കാം കുസുമങ്ങള്‍ ....!!



(വൊക്കേഷണല്‍ ഹയ്യര്‍സെക്കന്ററിസ്കൂള്‍ , നാഷണല്‍ സര്‍വീസ് സ്ക്കീം തൊഴില്‍ നൈപുണി യജ്ഞം-2020 ന്റെ തീംസോംങ്ങ് . മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ .അബ്ദുള്‍ കലാമിന് നല്‍കി കേന്ദ്ര മന്ത്രി  കെ.വി.തോമസ്‌  പ്രകാശനം നിര്‍വഹിച്ച ദീപക് മാഷിന്റെ ഈണത്തില്‍ ഞാന്‍ എഴുതിയ ഗാനത്തിന്റെ വരികള്‍ ആലാപനം : അനില്‍ റാം)


Wednesday, December 14, 2011

വാഴപ്പഴത്തിന്റെ രുചി .... !




മൂത്ത് പഴുക്കും മുന്‍പേ ,
അതിന്റെ തേന്‍ നുകര്‍ന്ന അച്ഛനെയും ,
അതിന്റെ  ചവര്‍പ്പ് കലര്‍ന്ന രുചിയറിഞ്ഞ
സഹോദരന്മാരെയും സാക്ഷി നിര്‍ത്തി ,
ചന്തയില്‍ വച്ച് ഒരു അമ്മ ....
ഇടറിയ ശബ്ദത്തില്‍ വിളിച്ചു പറയുന്നത് കേട്ടു ....!!
" ഏയ് , ഇത് ഒന്ന് രുചിച്ചു നോക്കൂന്നേ ...
ഇത് നല്ല ചേലുള്ള വാഴക്കുല ...!
എന്റെ മാറിലെ ചൂടും പാലും നല്‍കി ...
എന്റെ വീടിന്റെ മുറ്റത്ത്‌ ,
ഞാന്‍ വളര്‍ത്തിയ വാഴക്കുല ...!!
ഇതിന്റെ മധുരം ഒന്നറിയേണ്ടേ ...?
ഇതിന്റെ വില ....!!!









( കടപ്പാട് : സ്റ്റാഫ്‌ റൂമിലെ  സൗഹൃദസംഭാഷണത്തില്‍
ഈ ചിന്ത പകര്‍ന്നു  തന്ന  ആത്മസുഹൃത്ത്‌ ജെയ് മോന്  ..)

Friday, November 18, 2011

ചെങ്കണ്ണ് .... !



എന്റെ കണ്ണുകള്‍ നിറഞ്ഞത്‌ എന്ത് കൊണ്ടാണെന്ന് ..
അവള്‍ക്കറിയണമെന്ന് .... !
എന്റെ കണ്ണുകള്‍ ഇത്ര ചുവന്നത് എന്ത് കൊണ്ടാണെന്ന്
അവള്‍ക്കറിയണമെന്ന് .... !!

നീയൊന്നകന്നിരിക്കുക ..
നിന്റെ കണ്ണുകളിലേക്ക്  മാത്രം നോക്കിയിരുന്നാല്‍ ..
ഇനിയും എന്റെ കണ്ണുകള്‍ നിറയും ...!
ഇനിയും എന്റെ കണ്ണുകള്‍ ചുവക്കും .... !!

Saturday, October 29, 2011

പ്രണയത്തിന്റെ പ്രത്യയശാസ്ത്രം ...!!


ഇത് നിന്റെ പ്രിയ സഖാവിന്റെ അപേക്ഷ ,
സഖീ നീ എന്നോട് പൊറുക്കുക ...!!
അങ്ങകലെ എങ്ങോ ഉള്ള ...
ഒരു  ചുവന്ന ചക്രവാളം മാത്രം സ്വപ്നം കാണുന്ന
നിന്റെ ഈ സഖാവിനോട് പൊറുക്കുക ..
നിനക്ക് ഞാന്‍ സമ്മാനിക്കുമായിരുന്ന
ആ ചുവന്നവളകളുടെ ഓര്‍മ്മകള്‍ നീ മറക്കുക ..
ജീവിതത്തിലെ ഏക സ്വകാര്യ സ്വപ്നം
ആ കുപ്പിവളകള്‍പോല്‍ പൊട്ടിച്ചിതറിയപ്പോള്‍ 
അറിയാതെ ചിന്നിയ ചോരയുടെ നിറം നിന്‍ നെഞ്ചിലേറ്റി
ആ കറ നീ മറക്കുക ... !
സഖീ നീ പൊറുക്കുക , ഈ ഏകാന്ത പഥികനോട് .. !!
ഇന്നും ചുവക്കാതെ താഴ്ന്നിറങ്ങി പോയ
ആ സൂര്യനെ നോക്കി നില്‍ക്കുമ്പോള്‍ ,
സഖീ നീ അറിയുക ,
ആ നിഴല്‍ എന്റെ ജീവിതത്തിന്റെ നിഴലല്ലെന്ന് ...
ആ നിഴല്‍ നിന്റെതല്ലെന്ന് ....!
നിന്നെയാണെനിക്ക്   നേടേണ്ടിയിരുന്നതെങ്കില്‍ ,
കാലഘടികാരത്തിന്റെ  തുരുമ്പിച്ച സൂചികള്‍
ഒരല്പം കൂടി സമയം എനിക്ക് തരുമായിരുന്നു ..!!!

Thursday, October 13, 2011

കവര്‍ന്നെടുക്കുമ്പോള്‍ ....!



സര്‍വതും കവര്‍ന്നെടുക്കുമ്പോള്‍ ...
ഞാനെഴുതിയ എന്റെ സ്നേഹവാക്കുകള്‍ ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

ഒരിക്കല്‍ ഒരു പ്രണയഗാനം
എന്റെ ചെവിയില്‍ മൂളിയതിനു  പകരമായി ,
അവള്‍ക്കു നല്‍കാന്‍  ഞാന്‍ സൂക്ഷിച്ചു വയ്ക്കുന്ന
ആ സ്നേഹവാക്കുകള്‍ മാത്രം ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

അതിനു ചിലപ്പോള്‍ ഒരു കവിതയുടെ സൗന്ദര്യമുണ്ടാകും ,
ഒരു വിരഹഗാനത്തിന്റെ  താളമുണ്ടാകും ...
ഒരു നഷ്ടസ്വപ്നത്തിന്റെ വേദനയുണ്ടാകും ...
അതുമല്ലെങ്കില്‍
രണ്ട് തുള്ളി കണ്ണീരിന്റെ ഉപ്പുരസമുണ്ടാകും ..
അതേയുള്ളൂ സ്വന്തമായി .. !
അതുകൊണ്ട്  ദയവായി ആ സ്നേഹവാക്കുകള്‍ എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

അതും കൂടി കവര്‍ന്നെടുത്താല്‍ ....

Sunday, October 9, 2011

" ബുക്ക്‌ - പോസ്റ്റ്‌ ..! "




കത്തുന്ന മനസ്സിലൊരു കുളിര്‍മഴ പെയ്യുംപോല്‍ ,
സൈക്കിളില്‍ എത്തുന്ന കൂട്ടുകാരാ ...,
സ്വപ്‌നങ്ങള്‍ , മുത്തങ്ങള്‍ എല്ലാമൊളിപ്പിച്ച
കത്തുമായെത്തുന്ന കൂട്ടുകാരാ ,
എല്ലാമറിഞ്ഞത്  നിന്നിലൂടെ ..!
എന്റെ ഹൃദയത്തില്‍ നിന്നവള്‍
പറിച്ചുകൊണ്ടോടിയ  നന്ദിനി പെറ്റതും
കിടാവിനു "മുത്തെ''ന്ന് പേരിട്ടതും , പിന്നെ
തെക്കേവളപ്പിലെ മാവ് പൂവിട്ടതും
എല്ലാം അറിഞ്ഞത് നിന്നിലൂടെ .... !!
തറവാട്ടുമുറ്റത്ത്‌  ഓടിക്കളിച്ചൊരു
ഓര്‍മ്മയുമായ് വീണ്ടും ഉത്സവമെത്തുമ്പോള്‍
ഈ വട്ടവും ഞാന്‍ വരില്ലെന്നറിഞ്ഞ , അവളുടെ ...
വേദനയറിഞ്ഞതും  നിന്നിലൂടെ ... !
ഓണവും ക്രിസ്മസും എന്റെ പിറന്നാളു -
മോര്‍ത്തവള്‍ അയയ്ക്കുന്ന ആശംസാകാര്‍ഡുമായ്,
സൈക്കിള്‍ മണിയുടെ പൊട്ടിച്ചിരിയോടെ ,
വീട്ടിലേക്കെത്തുന്ന കൂട്ടുകാരാ .. ,
അവളുടെ സ്നേഹമറിഞ്ഞതും  നിന്നിലൂടെ ..!!
നേരിട്ട് മാത്രം തരാറുള്ള  'ബുക്ക്‌ പോസ്റ്റ്‌ '
ഉമ്മറത്തേക്കെറിഞ്ഞു നീയിന്നു പോയപ്പോള്‍ ...
നീ ചിരിക്കുന്നത് കണ്ടില്ല ഞാന്‍ , എന്നാല്‍
പതിവില്ലാതെയെന്നെ കളിയാക്കി ചിരിക്കുന്ന
ആ ബുക്ക്‌ - പോസ്റ്റിനെന്തിത്ര ചന്തം ?
അവളുടെ കല്യാണക്കുറിയുടെ ചന്തം ...!!!!

Wednesday, August 24, 2011

ഓണവും , നിന്റെ നാണവും ... !!

http://www.youtube.com/watch?v=LzHxwotWYm4


ഓണം വന്നേ , പൊന്നോണം വന്നേ ,
ചിങ്ങനിലാവിനൊരുമ്മ കൊടുക്കണ നേരം വന്നേ ..
മലയാള ത്തനിമയുണര്‍ത്തണ നാടന്‍ ചേല്  ,
വേണ്മേഘം പൂത്തു നിറഞ്ഞൊരു വാനിന്‍ ചേല്
മഴവില്ലിന്‍ മാല കൊരുക്കാന്‍ ,
പൊന്‍ വെയിലിന്‍ കോടിയുടുക്കാന്‍
തൂമഞ്ഞിന്‍ക്കതിരുകള്‍ ചൂടി  പോരൂ പെണ്ണേ ...
ഓണം വന്നേ , പൊന്നോണം വന്നേ
ചന്തമെഴുന്നൊരു പൂക്കളമെഴുതാന്‍ പോരൂ പെണ്ണേ..
മനമാകെ പൂക്കാലം വന്നോ ചങ്ങാതി ,
കുറിമാനം കൊതി തീരെ കണ്ടോ ചങ്ങാലീ ...
കരവിരുതാല്‍ പൂവിട്ട്‌ , ഇടനെഞ്ചില്‍ തുടി കൊട്ടി ..
തിരിഞ്ഞ് ചെരിഞ്ഞ് ഊഞ്ഞാലാടിയൊരോലപ്പൂഞ്ഞാലി ..
ഓണം വന്നേ , പൊന്നോണം വന്നേ
പുന്നെല്ലിന്‍ കതിര്‍ നുള്ളിയെടുക്കാന്‍ പോരൂ പെണ്ണേ..
നിര നിരയായ്‌ പൊന്നാമ്പല്‍ കണ്ടോ കണ്ണാളേ.. ,
ഒരു പൊന്നിന്‍ കുടമായ് നീ നിന്നോ പെണ്ണാളെ..
കളിയാട്ടം കാണാതെ , കളിവാക്കും മിണ്ടാതെ ...
പതുങ്ങി, ഒതുങ്ങി ചാരെയെത്തണ നാടന്‍ പൂത്തുമ്പി .....
ഓണം വന്നേ , കല്യാണം  വന്നേ ,
കോടിയുടുത്തൊരു മോതിരമണിയാന്‍ പോരൂ പെണ്ണേ.... !

( സുഹൃത്ത് മനീഷിന്റെ ഗാനത്തിന്  വേണ്ടി ഞാനെഴുതിയ വരികള്‍ )

Sunday, July 31, 2011

പാഴ് വാക്കുകള്‍ ...!!


എന്‍ ഖല്‍ബില്‍ വന്നൊരു തെന്നലേ ,
കണ്ടുവോ എന്നോമല്‍ തിങ്കളെ ,
റംസാന്‍ നിലാവത്ത്  വന്ന് നീ  
പുഞ്ചിരി തൂകി കൊണ്ടിന്നലെ ..
കുപ്പിവളകളും തട്ടവും
തത്തമ്മപ്പട്ടിന്റെ ചേലുമായ്
മാറോട് ചേര്‍ത്തൊരു പുസ്തക -
ത്താളില്‍ ഞാനെഴുതിയ പാട്ടുമായ്  ...
വന്നു കിനാവില്‍ നീ ഇന്നലെ
അത്തറിന്‍ മണമുള്ളോരോര്‍മ്മയായി ....
അന്ന് ഞാന്‍ ഓതിയ വാക്കുകള്‍
ഇന്നെല്ലാം വെറും പാഴ് വാക്കുകള്‍ ..
  "  നീയല്ലാതാരെന്റെ ജീവിത
     തോണി തുഴയുമെന്‍ സുന്ദരി ...! "
 
(പ്രീഡിഗ്രി  കാലത്ത്  മനസ്സില്‍ ഞാന്‍ എഴുതിയ വാക്കുകള്‍  ഈ റംസാന്‍ മാസത്തില്‍ വീണ്ടും അറിയാതെ  തേട്ടി വന്നപ്പോള്‍ ...)

Sunday, July 24, 2011

മൂന്ന് സഖികള്‍ ...!!!



ബാല്യകാലസഖി  :
ആ കൊച്ചു കള്ളിയെ കണ്ടിട്ടുണ്ടോ  ?
പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയുടെ വേലിക്കരികില്‍
എന്നും കാത്തുനിന്നിരുന്ന ആ കള്ളിച്ചെടിയെ ...
രണ്ടായി പൊട്ടിയ കറുത്ത പ്രതലത്തില്‍
അര്‍ത്ഥമറിയാതെ കോറിയിട്ട വാക്കുകള്‍
കണ്ണീരിനാല്‍ മാച്ചു കളഞ്ഞ് ...
പിന്നീടെനിക്ക് ഓര്‍മ്മിക്കാനായ്
മനസ്സിലൊരു പോറല്‍ മാത്രം നല്‍കി അകന്നു പോയ..
എന്റെ കളിക്കൂട്ടുകാരിയെ ... !

പ്രണയസഖി  :
ആ റോസ് നിറമുള്ള സുന്ദരിയെ കണ്ടിട്ടുണ്ടോ  ?
കവിതയെഴുതി തുടങ്ങിയ നാളുകളില്‍
എന്റെ പെന്‍സിലിന്റെ പിറകില്‍ ഒട്ടിപ്പിടിച്ചിരുന്ന
ഒരിക്കലും ആരോടും പിണങ്ങാത്ത ആ കൊച്ചു റബ്ബറിനെ ..
എന്റെ തെറ്റുകളെല്ലാം മാച്ചു കളഞ്ഞ്  സ്വയം ഇല്ലാതായപ്പോള്‍
ഞെളങ്ങിയ സ്വര്‍ണ്ണനിറമുള്ള ബന്ധനത്തിന്റെ വേദന
എനിക്ക് കൂടി സമ്മാനിച്ചു സ്വയം പൊടിഞ്ഞില്ലാതായ
എന്റെ പ്രിയ കൂട്ടുകാരിയെ ... !

ജീവിതസഖി :
എന്റെ പച്ച പരിഷ്കാരിപ്പെണ്ണിനെ കണ്ടിട്ടുണ്ടോ  ?
ലാപ്‌ ടോപ്പിലെ വലത്തേ മൂലയില്‍
എപ്പോഴും പുഞ്ചിരിച്ചു നില്‍ക്കുന്ന ആ ഡിലീറ്റ് ബട്ടനെ ..
'ആരോ' പഴമയിലേക്കു കൊണ്ടുപോകുമ്പോഴും
അതിനനുവദിക്കാതെ  അരികിലിരുന്ന് ഒരു നിമിഷം കൊണ്ട്
നെറുകയില്‍ ഒരു ചുംബനം നല്‍കി
എല്ലാ വേദനകളും ഇല്ലാതാക്കുന്ന ..
എന്റെ ഹൃദയത്തിന്റെ പുതിയ സ്വര്‍ണ്ണ താക്കോലിനെ ...!

മൂവരോടും എനിക്ക് നന്ദിയുണ്ട്  ...
എന്റെ സ്വപ്നങ്ങള്‍ മായ്ചു കളയാതിരുന്നതിന്  ...!!!

Sunday, July 17, 2011

സ്വര്‍ണ്ണ നിറമുള്ള മുക്കുറ്റിപ്പൂ ...!!!



രാമായണ മാസമാകുമ്പോഴിപ്പോഴും
രാമ മന്ത്രങ്ങള്‍  മനസ്സിലില്ല ...!
ആ മര മറവില്‍വച്ചന്നു നീ ഓതിയ
പ്രേമമന്ത്രങ്ങളെ ബാക്കിയുള്ളൂ ...!
സ്വര്‍ണ്ണനിറമുള്ളനിന്‍ മൂക്കുത്തി പോലെയാ -
ണിന്നുമെന്‍ ഉള്ളിലെ മുക്കുറ്റിപ്പൂ ..

തത്തമ്മ പച്ചില ചാലിച്ചെടുത്തന്നു
നെറ്റിയിലൊരു ചെറുകുറി വരച്ച് ,
ആ ചെടി നുള്ളി നിന്‍ അഴകാര്‍ന്ന കൂന്തലില്‍
അലസമായ് വയ്ക്കുന്ന ഓര്‍മ്മകളും ....
പൂമാനം കാണാതെ സൂക്ഷിച്ചു വച്ചിടും
പുസ്തകത്താളിലെ പീലികളും...
എല്ലാരും കൈകോര്‍ത്ത് വീണ്ടുമാ കുന്നിലെ
അമ്പല മുറ്റത്ത്‌ പോകുന്നേരം ....
എല്ലാം ...!!!  വെറുമൊരു സ്വപ്നമായി പൊഴിയവേ,
ഹൃദയമൊരു ഭൂമിദേവിയായ് പിളരവേ....
കാലമെന്‍ കാതിലൊരു മന്ത്രമോതുന്നിതാ ..
" കരയൂ നീ ... സരയൂ നദി കണക്കേ ...!!! "

Monday, July 11, 2011

പരിഭവം ... !



അമ്മ ഉരുട്ടിയ ഒരു ഉരുള ചോറ്
കുഞ്ഞി കാക്കയ്ക്ക്  എറിഞ്ഞു കൊടുത്തപ്പോള്‍
പിണങ്ങി മാറി നിന്ന ഉണ്ണിയന്ന്
അമ്മയുടെ അരികിലേക്ക്‌ ഓടി വന്നില്ലേ ..?

ഇന്ന്  ഉണ്ണി ഉരുട്ടിവെച്ച  മൂന്നു ഉരുള ചോറ് ...
അമ്മക്കാക്ക വന്ന് കഴിച്ചു പോയിട്ടും
ഉണ്ണിയുടെ അരികിലേക്ക്‌ അമ്മയെന്തേ ...???
............................................ !!!

Tuesday, May 31, 2011

കണ്ണീരും പുഞ്ചിരിയും പിന്നെ ഞാനും .... !



മഴത്തുള്ളികളെ ,
നിങ്ങളെ നോക്കി കുറെ നേരം ഇങ്ങനെ ഇരുന്നു ...
ഇനി ഒരു കവിത എഴുതിയാലോ ?
നിങ്ങളെ കുറിച്ച് , ഈ മഴത്തുള്ളികളെ കുറിച്ച് ..
ഈ മഴത്തുള്ളികള്‍ എത്രയുണ്ടോ ..
അത്രയും അധികം കവിതകളും ഉണ്ട്  ..
നിങ്ങളെ കുറിച്ച് , ഈ മഴത്തുള്ളികളെ കുറിച്ച് ..
എന്നാല്‍ , പാവം ആ മഴവില്ലിനെ കുറിച്ച് ,
ആകെ ഏഴെണ്ണം ...!!!
അതുകൊണ്ട് .....

Saturday, May 28, 2011

'പല്ലിമുട്ട' കള്‍ ..!


പൊട്ടിയ ബലൂണിന്റെ ചെറുകഷ്ണം എടുത്ത് , ചുണ്ടില്‍ വച്ച്
 വായു അകത്തേക്ക് വലിച്ച്‌ വീര്‍പ്പിച്ച്...
അത് മെല്ലെ തിരിച്ചു 'പല്ലിമുട്ട' കള്‍ ഉണ്ടാക്കി ..
ഇടംകൈയ്യുടെ വ്യാഴമണ്ഡലത്തില്‍
ആവര്‍ത്തിച്ചു ഉരസുന്ന നേരത്തുള്ള ആ ശബ്ദം .. !
ഇപ്പോഴും വല്ലാതെ അലോസരപ്പെടുത്തുന്നു....
ചില  ഓര്‍മ്മകള്‍   പോലെ ..!


www.abiprayam.com 

Wednesday, May 18, 2011

അവളും ഇവളും - (ഒരു താരതമ്യ പഠനം)

 
അന്ന് ഞാന്‍ അവളോട്‌ ചോദിച്ചു,
എന്നെ ഇഷ്ടപ്പെടാനുള്ള കാരണം ...?
എപ്പോഴും പുഞ്ചിരിക്കുന്ന ഈ മുഖം
അതായിരുന്നുവെത്രേ  അവള്‍ക്കെന്നുമിഷ്ടം ...!
 
ഇന്ന് ഞാന്‍ ഇവളോട്‌ ചോദിക്കുന്നു
എന്നെ ഇഷ്ടപ്പെടാനുള്ള കാരണം ..?
ഒരിക്കലും ചിരിക്കാത്ത ഈ ഗൌരവക്കാരനെ
ഇഷ്ടപ്പെടുവാനാണെത്രേ  ഇവള്‍ക്കെന്നുമിഷ്ടം ...!

Sunday, May 8, 2011

ഒരു കുട്ടിക്കഥ പോലെ ...!



' മണ്ണാങ്കട്ടയും കരിയിലയും എന്ന കഥയില്‍  സെക്സിന്റെ  അതിപ്രസരം '
എന്ന വിഷയത്തില്‍  ചൂടേറിയ ഒരു സംവാദം ...!
അത് അരുതെന്ന് പറയുന്നവരും ,
കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നവരും ഒരു വശത്ത് ..!
പന്തയം വച്ചുള്ള മാരത്തോണില്‍
വയാഗ്ര കഴിച്ചോടിയ ആമയെ ന്യായീകരിക്കാനാകാതെ മറ്റു ചിലര്‍ ...!
കയ്യിലെ എല്ലിന്‍ കഷ്ണം മറന്ന്...
നിഴലിനെ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ..
ജീവിതം ഒരു കുട്ടിക്കഥ പോലെ ...!

Sunday, May 1, 2011

മാറ്റമില്ലാത്തത് സഖാവ് പഥികന് മാത്രം ....!!



പ്രണയം വിപ്ലവം ആണെന്ന് കരുതി
എന്റെ ചാരെയിരുന്നു കവിത എഴുതിത്തുടങ്ങിയ
സഖാവ്  പഥികന്റെ കയ്യില്‍ അവര്‍
ആരുമറിയാതെ  ഒരു  ചെങ്കൊടി നല്‍കി ..!

എട്ടു മണിക്കൂര്‍ വിശ്രമം , ശേഷം ഫോണ്‍ വിളി, പിന്നെ
എട്ടു മണിക്കൂര്‍ ചാറ്റിംഗ് എന്നീ മിനിമം ആവശ്യവുമായി
അവര്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി ,
പഥികന്‍ വോട്ട് ആന്‍റ് ടോക്കില്‍ അതിഥിയായെത്തി ..!

അവനു നഷ്ടപ്പെടാന്‍ ഒന്നുമില്ല ഒരല്പം വിശ്വാസം മാത്രം ..!
എന്നാല്‍ , വിശ്വാസികള്‍ അവനെയൊരു കുഞ്ഞാടാക്കി .
അവന്‍ വളര്‍ന്നു ..., ഒടുവില്‍ ആ ദിനം വന്നെത്തി ...
സഖാവ് പഥികന്റെ  ധീരരക്തസാക്ഷി ദിനം ...!

ഇതേ ദിനത്തില്‍ പഥികന്‍ വാഴ്ത്തപ്പെട്ടവനായി
മനോരമ സെന്‍റ് പഥികനെ കുറിച്ച് മുഖപ്രസംഗമെഴുതി ,
ദീപിക സപ്ലിമെന്റിറക്കി ...എന്നാല്‍  സമരപോരാട്ടങ്ങളുടെ
പഴയ ചിത്രങ്ങള്‍ സഹിതം ദേശാഭിമാനി ഓര്‍മ്മക്കുറിപ്പെഴുതി ...
"മാറ്റമില്ലാത്തത് ....!!

Tuesday, April 26, 2011

പെണ്ണെഴുത്ത്‌ ...!


 കൂട്ടുകാരി .... ഞാന്‍  ഒരു  കവിത  എഴുതട്ടെ ....!
എന്നിട്ട്  നിനക്ക്  ഞാനത്    അയച്ചു തരാം ....!!
ആ കവിത  നീ  നിന്റെ പേരില്‍ 
'ഫേസ് ബുക്കി'ല്‍ ഒന്ന് പോസ്റ്റ്‌ ചെയ്യാമോ  ..?

എന്റെ കവിതയെ ഒരു അമ്പത് പേര്‍ എങ്കിലും
ഒന്ന്  ഇഷ്ടപ്പെടുന്നത് കാണാന്‍ ...!!!
ഒരു മുപ്പതു പേര്‍  എങ്കിലും  അതിനെ കുറിച്ച് 
നല്ല അഭിപ്രായങ്ങള്‍ പറയുന്നത്  കേള്‍ക്കാന്‍ ...
കൊതിയാകുന്നു .... .! സത്യം . .!!

Tuesday, April 19, 2011

എന്റെ ഇഷ്ടം ...!



പുതുമഴ പെയ്യുമ്പോഴുള്ള കുളിരിനെക്കാള്‍
എനിക്കിഷ്ടം ആ മണ്ണിന്റെ  മണമാണ് ...!
കൂജയിലെ വെള്ളത്തിന്റെ കുളിരിനെക്കാള്‍
എനിക്കിഷ്ടം ആ മണ്ണിന്റെ രുചിയാണ്..!!
കൈകോര്‍ത്തു നടന്ന പ്രണയത്തിന്റെ കുളിരിനെക്കാള്‍
എനിക്കിഷ്ടം ആ പെണ്ണിന്റെ ......... !!

Thursday, April 14, 2011

മാപ്പ് ചോദിക്കില്ല ...!



ഒരു കൊച്ചു ഉരുളിയും എടുത്തു കൊണ്ട്
കണ്ണന്റെ വിഗ്രഹവും ചുമന്ന്..
കൂട്ടുകാരോരോന്നിച്ചു  പാതിരാ നേരത്ത്
മാങ്ങ പറിച്ചും കളി പറഞ്ഞും ....
പിന്നെ  ...ഓരോരോ വീടിന്റെ  മുറ്റത്ത്   ചെന്നിട്ട്‌ ..
ചില്ലി  പടക്കത്താല്‍  ഞെട്ടിയുണര്ത്തിയിട്ട്‌ ..
മാവിന്റെ ചോട്ടില്‍ ഒളിച്ചിരിരുന്നു ...,  .
കണി കാണാന്‍ വരുന്നത് കാത്തിരുന്നു.....
കണ്ണ് തിരുമ്മി ഉണര്‍ന്നു വരുന്നൊരു
സുന്ദരി പെണ്ണിനെ നോക്കി നിന്നു....!

വാതില്‍ അടച്ചിട്ട് ,വെളിച്ചം അണച്ചിട്ട്‌
എല്ലാരും പോയെന്ന് ഉറപ്പു വരുത്തീട്ട്
വീണ്ടും ആ മുറ്റത്തെ  ഉരുളി എടുത്തിട്ട്
തലയില്‍ ചുമന്നിട്ട്, മെല്ലെ നടന്നിട്ട് ..
പത്തു രൂപ നോട്ടിട്ടോന്ന്  നോക്കീട്ട്...
........, ..........................
എന്തെല്ലാം .. ! എണ്ണി തിട്ടപ്പെടുത്തിയ
ഒരു വിഷു ക്കാലം ഓര്‍മകളില്‍ ...!

എങ്കിലും , ഇന്നൊരു സംശയം ബാക്കി ..
കണ്ണന്റെ വിഗ്രഹം കാണിച്ചു വാങ്ങിയ
ആ  പങ്ക് എന്തിന് ഞാന്‍ എടുത്തു ..?
വിഷു റിലീസ്‌ സിനിമക്കും  ക്രിക്കറ്റ്‌ ബാറ്റിനും
ആ പണം എന്തിന് ചെലവഴിച്ചു ...!

Saturday, April 9, 2011

എങ്കിലും ...!

ഇഷ്ടമാണെന്ന എന്റെ സഭ്യമായ വാക്കുകള്‍ കേട്ട ശേഷവും ...
എന്റെ മുഖത്ത്  നോക്കി 'കുരങ്ങാ .. ' എന്ന്  വിളിച്ചവളോട് ...!
കൊള്ളാം ,  പ്രിലിമിനറി ടെസ്റ്റ്‌ നീ പാസ്സായി ...!
ഇനി ഞാന്‍ നിനക്കെന്റെ ഹൃദയം തരാം ...!
അക്കരെ  , ആ ചാഞ്ഞ മരത്തിന്റെ പൊത്തിലത്
മറന്നു വച്ചു  എന്ന് ഞാനിനി  കളവു പറയില്ല ...!
ആരോടും ..!!!!

Wednesday, March 9, 2011

ഞാന്‍ റോബിന്‍സണ്‍ ക്രുസൊ...!!



കടിഞ്ഞൂല്‍ പ്രേമം തോന്നിയതെവിടെ വച്ച് ... ?
പ്രൈമറി ക്ലാസ്സിന്റെ 'ചുമരക'ത്തോ ...?
റോബിന്‍സണ്‍ ക്രുസോ തന്‍ കഥയുമായ് ക്ലാസ്സ്‌ ടീച്ചര്‍
വാചാല യായൊരു നേരത്താണോ ...?
ഏകനായിരുന്നൊരാ പാവത്തിനെക്കുറി -
ച്ചെന്തോ ഞാന്‍ സഹപാഠിയോടോതവേ,
കൈയിലെ ചോക്കുമുറി കൊണ്ടെന്റെ ദേഹത്തെ -
റിഞ്ഞിട്ടും കൊണ്ടില്ല .. അത് കൊണ്ടോ ?, അറിയില്ല ...
എന്നെ എഴുന്നേല്‍പ്പിച്ചു മറുകരയിലിരിക്കുന്ന
പെണ്‍കുട്ടി തന്‍ ചാരെയിരുത്തി ടീച്ചര്‍ ...!
കലങ്ങിയ കണ്ണുമായ് തലകുനിച്ച് ..
ആരെയും നോക്കാതെ അല്‍പനേരം ..!
അനുഗ്രഹമായ് കൂട്ടബെല്ലടിച്ചു ,
ഉള്ളില്‍ നാലുമണിപ്പൂ വിരിഞ്ഞു... !
അന്ന് ഞാനൊരു പൊന്‍കിനാവ്‌ കണ്ടു ..
സുന്ദരമായൊരു കൊച്ചുദ്വീപ്‌...!
ആ ദ്വീപില്‍ റോബിന്‍സണ്‍ ക്രുസൊയെപ്പോലെ
ഏകനായ് ഞാനേതോ മരത്തണലില്‍ ..
കല്ല്‌ കളിക്കുവാന്‍ കൂട്ടിനായെത്തുന്നു...
റെഡ് റിബണ്‍ കെട്ടിയ കൂട്ടുകാരി ...!
ക്ലാസ്സിലിരുന്നപോല്‍ ഇത്തിരി നേരമെന്‍
ചാരെയിരുന്നവള്‍ പോകയാണോ ..?
ആരോടും പറയാതെ വളകിലുക്കി ..
മെല്ലെ നടന്നവള്‍ പോകയാണോ ..?
വെളുക്കുവാന്‍ നേരത്ത് കാണുന്ന സ്വപ്നങ്ങള്‍ ..
യാഥാര്‍ത്ഥ്യമാകുമെന്നാരു ചൊല്ലി ......­ ­???

Tuesday, March 8, 2011

പല വഴികള്‍ ...!



" മാഷേ , ഇന്നെനിക്കൊരു സംശയം പോലെ....,
ഈ പ്രേമവും പ്രണയവും തമ്മിലുള്ള
വ്യത്യാസം എന്തെന്ന് പറഞ്ഞു തരാമോ ... ?"

" അര്‍ത്ഥമറിയാതെ നാം പലരോടും പലവട്ടം
 'ഞാന്‍ നിന്നെ പ്രേമിക്കുന്നു' എന്ന് പറഞ്ഞിട്ടുണ്ട് ..
അതിലുള്ളതാണീ പ്രേമം - 'വണ്‍വേ ...' !

'പ്രണയിക്കുകയായിരുന്നു നാം ഓരോരോ
ജന്മങ്ങളിലെ' എന്നൊരു ഗാനം
 അര്‍ത്ഥമറിഞ്ഞു നാം മൂളിയിട്ടുണ്ട് ...
അതിലുള്ളതാണീ പ്രണയം - 'ടു വേ...' !"

എങ്കില്‍ നമ്മുടെ ജീവിതത്തിലുള്ളതെന്താണ് മാഷേ ..?


www.abiprayam.com

Monday, March 7, 2011

മാര്‍ച്ച് മാസം .. !



എന്റെ തലയ്ക്കു ചൂട് പിടിക്കുന്നു ...
പരീക്ഷയെ കുറിച്ച് ചൂടില്ലാത്ത ഒരു പെങ്ങള്‍ ,
അവളുടെ വിവാഹത്തെ കുറിച്ച് ഒരു ചൂടുമില്ലാത്ത അച്ഛന്‍ ..
അമ്മയുണ്ടാക്കിയ ചായക്കും ,
കുളിക്കാനായി കൊണ്ടുവച്ച വെള്ളത്തിനും
എന്നും ചൂടില്ലെന്ന പരാതിയുള്ള മുത്തശ്ശി ...
എന്റെ തലയ്ക്കു വീണ്ടും ചൂട് പിടിക്കുന്നു .... !

പക്ഷെ ,മുല്ലപ്പൂ ചൂടിയ മനസ്സുമായെത്തുന്ന
നിന്റെ മാറിലെ ചൂട് ..
ആ ചൂടാണെനിക്കിന്നൊരൂട് ...!!

Sunday, February 20, 2011

ജ്ഞാനപീഠം



എല്ലാവര്ക്കും പ്രണയം ഉണ്ടാകട്ടെ ...
എല്ലാവരുടെ പ്രണയവും നഷ്ടപ്പെടട്ടെ ...
എല്ലാവര്‍ക്കും പിന്നെയും പ്രണയമുണ്ടാകട്ടെ ...
എല്ലാവരിലും ഒരായിരം കവിതകള്‍ പിറക്കട്ടെ ..
എല്ലാവരും അങ്ങനെ മഹാകവികളാകട്ടെ...
എല്ലാവര്ക്കും ജ്ഞാനപീഠം ലഭിക്കട്ടെ ...!!!

Thursday, February 10, 2011

അവന്‍ പ്രകൃതി വിരുദ്ധന്‍ ....!



കഴിഞ്ഞ പ്രണയ ദിനത്തില്‍ ...
അവള്‍ തുറന്നുവച്ചു നീട്ടി തന്ന
ആ സുന്ദരമായ കൊച്ചു പുസ്തകത്തില്‍ ,
ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന അവന്‍റെ
ഹീറോ പേനയെടുത്ത് ......
അവന്‍ ഒന്നും എഴുതിയില്ല !

മഷി ഇല്ലാഞ്ഞിട്ടല്ല ...
വാക്കുകള്‍ അറിയാഞ്ഞിട്ടുമല്ല ...!
അന്ന് കാംപസില്‍
ഒരിക്കലും കൊന്ന പൂക്കരുതെന്ന് ആഗ്രഹിച്ച
ഒരു പ്രകൃതി വിരുദ്ധനായിരുന്നു അവന്‍ ... ! ??

Monday, January 17, 2011

അഭിനയം ...!



കത്തിച്ചു വച്ച മെഴുകുതിരിയുടെ കണ്ണീര്
എന്‍റെ ഉള്ളം കയ്യിലേക്ക്
ഉരുകി വീണപ്പോള്‍ ...
ആ നീറ്റല്‍ ,
അന്നൊരു ഇക്കിളി പോലെ ...!
അതൊട്ടും വേദനിപ്പിച്ചില്ല ...!
പക്ഷെ , ആ മെഴുകുതിരിയെ കുറിച്ച് ഓര്‍ത്തപ്പോഴാണ് ... !!!

Tuesday, January 4, 2011

മധുരം ...!



പാല്‍പ്പായസം കുടിക്കും മുന്‍പേ
പഞ്ചസാര കഴിച്ചതിനാല്‍ ...
അതിന്റെ യഥാര്‍ത്ഥ മധുരം ഞാന്‍ അറിഞ്ഞില്ല ...!

ക്ഷമിക്കണം കൂടുകാരി ..
നിന്റെ ചുണ്ടിലെ മധുരത്തെ കുറിച്ചാണ്..
ഞാന്‍ നിനക്ക് സ്നേഹം പകര്‍ന്നു തരും മുന്‍പേ
നീ ഒരു കിറ്റ്‌കാറ്റ്‌ കഴിച്ചിരുന്നു ..!
അതിന്റെ ഒരു ചെറുതരി
നിന്റെ ചുണ്ടില്‍ അപ്പോള്‍ പറ്റിപ്പിടിച്ചിരുന്നു ...!!

ബഹുരാഷ്ട്ര ഉത്പന്നങ്ങള്‍ ഇന്ന് നമ്മുടെ
പ്രണയത്തിന്റെ വരെ മാധുര്യം കുറയ്ക്കുന്നു ...!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!