Sunday, July 31, 2011

പാഴ് വാക്കുകള്‍ ...!!


എന്‍ ഖല്‍ബില്‍ വന്നൊരു തെന്നലേ ,
കണ്ടുവോ എന്നോമല്‍ തിങ്കളെ ,
റംസാന്‍ നിലാവത്ത്  വന്ന് നീ  
പുഞ്ചിരി തൂകി കൊണ്ടിന്നലെ ..
കുപ്പിവളകളും തട്ടവും
തത്തമ്മപ്പട്ടിന്റെ ചേലുമായ്
മാറോട് ചേര്‍ത്തൊരു പുസ്തക -
ത്താളില്‍ ഞാനെഴുതിയ പാട്ടുമായ്  ...
വന്നു കിനാവില്‍ നീ ഇന്നലെ
അത്തറിന്‍ മണമുള്ളോരോര്‍മ്മയായി ....
അന്ന് ഞാന്‍ ഓതിയ വാക്കുകള്‍
ഇന്നെല്ലാം വെറും പാഴ് വാക്കുകള്‍ ..
  "  നീയല്ലാതാരെന്റെ ജീവിത
     തോണി തുഴയുമെന്‍ സുന്ദരി ...! "
 
(പ്രീഡിഗ്രി  കാലത്ത്  മനസ്സില്‍ ഞാന്‍ എഴുതിയ വാക്കുകള്‍  ഈ റംസാന്‍ മാസത്തില്‍ വീണ്ടും അറിയാതെ  തേട്ടി വന്നപ്പോള്‍ ...)

Sunday, July 24, 2011

മൂന്ന് സഖികള്‍ ...!!!



ബാല്യകാലസഖി  :
ആ കൊച്ചു കള്ളിയെ കണ്ടിട്ടുണ്ടോ  ?
പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയുടെ വേലിക്കരികില്‍
എന്നും കാത്തുനിന്നിരുന്ന ആ കള്ളിച്ചെടിയെ ...
രണ്ടായി പൊട്ടിയ കറുത്ത പ്രതലത്തില്‍
അര്‍ത്ഥമറിയാതെ കോറിയിട്ട വാക്കുകള്‍
കണ്ണീരിനാല്‍ മാച്ചു കളഞ്ഞ് ...
പിന്നീടെനിക്ക് ഓര്‍മ്മിക്കാനായ്
മനസ്സിലൊരു പോറല്‍ മാത്രം നല്‍കി അകന്നു പോയ..
എന്റെ കളിക്കൂട്ടുകാരിയെ ... !

പ്രണയസഖി  :
ആ റോസ് നിറമുള്ള സുന്ദരിയെ കണ്ടിട്ടുണ്ടോ  ?
കവിതയെഴുതി തുടങ്ങിയ നാളുകളില്‍
എന്റെ പെന്‍സിലിന്റെ പിറകില്‍ ഒട്ടിപ്പിടിച്ചിരുന്ന
ഒരിക്കലും ആരോടും പിണങ്ങാത്ത ആ കൊച്ചു റബ്ബറിനെ ..
എന്റെ തെറ്റുകളെല്ലാം മാച്ചു കളഞ്ഞ്  സ്വയം ഇല്ലാതായപ്പോള്‍
ഞെളങ്ങിയ സ്വര്‍ണ്ണനിറമുള്ള ബന്ധനത്തിന്റെ വേദന
എനിക്ക് കൂടി സമ്മാനിച്ചു സ്വയം പൊടിഞ്ഞില്ലാതായ
എന്റെ പ്രിയ കൂട്ടുകാരിയെ ... !

ജീവിതസഖി :
എന്റെ പച്ച പരിഷ്കാരിപ്പെണ്ണിനെ കണ്ടിട്ടുണ്ടോ  ?
ലാപ്‌ ടോപ്പിലെ വലത്തേ മൂലയില്‍
എപ്പോഴും പുഞ്ചിരിച്ചു നില്‍ക്കുന്ന ആ ഡിലീറ്റ് ബട്ടനെ ..
'ആരോ' പഴമയിലേക്കു കൊണ്ടുപോകുമ്പോഴും
അതിനനുവദിക്കാതെ  അരികിലിരുന്ന് ഒരു നിമിഷം കൊണ്ട്
നെറുകയില്‍ ഒരു ചുംബനം നല്‍കി
എല്ലാ വേദനകളും ഇല്ലാതാക്കുന്ന ..
എന്റെ ഹൃദയത്തിന്റെ പുതിയ സ്വര്‍ണ്ണ താക്കോലിനെ ...!

മൂവരോടും എനിക്ക് നന്ദിയുണ്ട്  ...
എന്റെ സ്വപ്നങ്ങള്‍ മായ്ചു കളയാതിരുന്നതിന്  ...!!!

Sunday, July 17, 2011

സ്വര്‍ണ്ണ നിറമുള്ള മുക്കുറ്റിപ്പൂ ...!!!



രാമായണ മാസമാകുമ്പോഴിപ്പോഴും
രാമ മന്ത്രങ്ങള്‍  മനസ്സിലില്ല ...!
ആ മര മറവില്‍വച്ചന്നു നീ ഓതിയ
പ്രേമമന്ത്രങ്ങളെ ബാക്കിയുള്ളൂ ...!
സ്വര്‍ണ്ണനിറമുള്ളനിന്‍ മൂക്കുത്തി പോലെയാ -
ണിന്നുമെന്‍ ഉള്ളിലെ മുക്കുറ്റിപ്പൂ ..

തത്തമ്മ പച്ചില ചാലിച്ചെടുത്തന്നു
നെറ്റിയിലൊരു ചെറുകുറി വരച്ച് ,
ആ ചെടി നുള്ളി നിന്‍ അഴകാര്‍ന്ന കൂന്തലില്‍
അലസമായ് വയ്ക്കുന്ന ഓര്‍മ്മകളും ....
പൂമാനം കാണാതെ സൂക്ഷിച്ചു വച്ചിടും
പുസ്തകത്താളിലെ പീലികളും...
എല്ലാരും കൈകോര്‍ത്ത് വീണ്ടുമാ കുന്നിലെ
അമ്പല മുറ്റത്ത്‌ പോകുന്നേരം ....
എല്ലാം ...!!!  വെറുമൊരു സ്വപ്നമായി പൊഴിയവേ,
ഹൃദയമൊരു ഭൂമിദേവിയായ് പിളരവേ....
കാലമെന്‍ കാതിലൊരു മന്ത്രമോതുന്നിതാ ..
" കരയൂ നീ ... സരയൂ നദി കണക്കേ ...!!! "

Monday, July 11, 2011

പരിഭവം ... !



അമ്മ ഉരുട്ടിയ ഒരു ഉരുള ചോറ്
കുഞ്ഞി കാക്കയ്ക്ക്  എറിഞ്ഞു കൊടുത്തപ്പോള്‍
പിണങ്ങി മാറി നിന്ന ഉണ്ണിയന്ന്
അമ്മയുടെ അരികിലേക്ക്‌ ഓടി വന്നില്ലേ ..?

ഇന്ന്  ഉണ്ണി ഉരുട്ടിവെച്ച  മൂന്നു ഉരുള ചോറ് ...
അമ്മക്കാക്ക വന്ന് കഴിച്ചു പോയിട്ടും
ഉണ്ണിയുടെ അരികിലേക്ക്‌ അമ്മയെന്തേ ...???
............................................ !!!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!