Friday, December 24, 2010

അപ്പൂപ്പന്‍ താടികള്‍ .....!


ക്രിസ്മസ് രാത്രിയില്‍ സമ്മാനവുമായി എത്തിയ
അപ്പൂപ്പനോടായ് കുഞ്ഞിന്റെ ചോദ്യം ...
ക്രിസ്മസ് അപ്പൂപ്പന്‍ മാത്രമേയുള്ളൂ ...!
ക്രിസ്മസ് അമ്മൂമ്മയില്ലെയെന്ന് ....?

ഒരു കൊച്ചു ബലൂണും പിന്നെ മധുരവും നല്‍കി
അപ്പൂപ്പന്‍ മെല്ലെ പറഞ്ഞു
അങ്ങകലെ മഞ്ഞു മലകള്‍ക്കപ്പുറത്തു ,
അപ്പൂപ്പന്‍ തിരിച്ചെത്തുന്നതും കാത്ത്‌...
ഒരു പാവം ക്രിസ്മസ് അമ്മൂമ്മയുണ്ട് ..!

അമ്മൂമ്മക്ക്‌ കഥകളറിയാമോ ...?
അപ്പൂപ്പന്‍ വീണ്ടും ചിരിച്ചു ....!!
അമ്മൂമ്മയെ എന്തേ കൂടെ കൊണ്ടുവരാഞ്ഞേ ..?
എന്നും കാലില്‍ കുഴമ്പിടണം,
പിന്നെ ചൂടുവെള്ളത്തില്‍ തന്നെ കുളിക്കണം !
........, ......... ,......... , ........., .........

അമ്മൂമ്മ അവിടെ തനിച്ചാണ് കുഞ്ഞേ ...
എല്ലാ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും പോലെ ..!
എങ്കിലും ഒരു അപ്പൂപ്പന്‍ താടിയെ പോലെ ..............

Thursday, December 16, 2010

ഒരിക്കല്‍ കൂടി ...!



എന്നെ ഒന്ന് വിളിക്കണം ,
സ്നേഹക്കരിമ്പാകും ഓര്‍മ്മയില്‍
ഒരു തുള്ളി മധുരം പോലും ബാക്കി വയ്ക്കാത്ത
ഈ വരണ്ട ഹൃദയത്തിലേക്ക് ...
ഒരു തണുത്ത നീരുറവയായി
ഒരിക്കല്‍ കൂടി ...!

ആകാശ മങ്ങെത്താ കൊമ്പിലാണെന്നും
പ്രണയിനികള്‍ ഒരു പോലെ ചിന്തിക്കുന്നുവെന്നും
മഴ , ദൈവങ്ങളുടെ ആനന്ദക്കണ്ണീര്‍ ആണെന്നും
പുലമ്പിയ ആ വിഡ്ഢി ദിനങ്ങള്‍ ഓര്‍ത്തെടുക്കുവാനായി
ഒരിക്കല്‍ കൂടി ,
എന്നെ ഒന്ന് വിളിക്കണം !

മുന്‍പെന്നോ , ഞാന്‍ നല്‍കിയ ഇതേ അപേക്ഷ
പരിഗണിക്കാത്ത ആ ദൈവങ്ങളെ പോലെ ,
ഒരിക്കലും വിളിക്കില്ലെന്നറിയാം .. എങ്കിലും
വീണ്ടും ഒരു അപേക്ഷ ..
എന്നെ ഒന്ന് വിളിക്കണം !
ചിലപ്പോഴൊക്കെ ഞാന്‍ പോലും മറന്നുപോകുന്ന
എന്‍റെ പത്തക്ക നമ്പര്‍ ഓര്‍ത്തെടുത്ത്‌
ഒരു വ്യാഴ വട്ടത്തിനു ശേഷമാണെങ്കിലും ...
ഒരു വട്ടം കൂടി ..
എന്നെ ഒന്ന് വിളിക്കണം !

കഴിയുമെങ്കില്‍ ഒരു മഴയുള്ള നേരത്ത്
അല്ലെങ്കില്‍ നല്ല നിലാവുള്ള രാവത്ത്...!
" ഒരിക്കല്‍ കൂടി എന്നെ ഒന്ന് വിളിക്കണം "
എന്നെനിക്കൊന്നു പറഞ്ഞവസാനിപ്പിക്കാനായെങ്കിലും
എന്നെ ഒന്ന് വിളിക്കണം !

ബാലന്‍സ് കഴിയും വരെ പരിഭവങ്ങള്‍ പറയാനല്ല ..!
ബാലന്‍സ് തെറ്റിയ മനസ്സിനൊരാശ്വാസമേകാന്‍ ....
ഒരിക്കല്‍ കൂടി ...

Tuesday, December 7, 2010

എന്റെ സുഹൃത്തുക്കള്‍ ..!


ഒരു പൊതിച്ചോറ് പോലെ പ്രണയം കൊണ്ടുനടക്കുന്ന ..
ഒരുപാട് പേരെ എനിക്കറിയാം ..!
സമയത്ത് കഴിക്കാതെ ,
പിന്നീട് ഒരിക്കലും കഴിക്കാനാവാതെ
വേദനയോടെ അത് വലിച്ചെറിഞ്ഞ
പലരെയും എനിക്കടുത്തറിയാം...!

ഇല വെട്ടി , അത് വാട്ടി
അതിലൊരു മൂലയില്‍ കറി വച്ച് ഭദ്രമായ്‌
സ്നേഹം പൊതിഞ്ഞു തരുന്ന
ചില വാടാത്ത ഹൃദയങ്ങളെയും എനിക്കറിയാം ..!
അതൊന്നു തുറന്നു നോക്കുവാന്‍ പോലും
സമയമില്ലാതെ വിലപിക്കുന്ന ...
പട്ടിണി കിടക്കുന്ന ...
പലരെയും ഇതുപോലെ എനിക്കറിയാം ..!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!