Friday, December 24, 2010

അപ്പൂപ്പന്‍ താടികള്‍ .....!


ക്രിസ്മസ് രാത്രിയില്‍ സമ്മാനവുമായി എത്തിയ
അപ്പൂപ്പനോടായ് കുഞ്ഞിന്റെ ചോദ്യം ...
ക്രിസ്മസ് അപ്പൂപ്പന്‍ മാത്രമേയുള്ളൂ ...!
ക്രിസ്മസ് അമ്മൂമ്മയില്ലെയെന്ന് ....?

ഒരു കൊച്ചു ബലൂണും പിന്നെ മധുരവും നല്‍കി
അപ്പൂപ്പന്‍ മെല്ലെ പറഞ്ഞു
അങ്ങകലെ മഞ്ഞു മലകള്‍ക്കപ്പുറത്തു ,
അപ്പൂപ്പന്‍ തിരിച്ചെത്തുന്നതും കാത്ത്‌...
ഒരു പാവം ക്രിസ്മസ് അമ്മൂമ്മയുണ്ട് ..!

അമ്മൂമ്മക്ക്‌ കഥകളറിയാമോ ...?
അപ്പൂപ്പന്‍ വീണ്ടും ചിരിച്ചു ....!!
അമ്മൂമ്മയെ എന്തേ കൂടെ കൊണ്ടുവരാഞ്ഞേ ..?
എന്നും കാലില്‍ കുഴമ്പിടണം,
പിന്നെ ചൂടുവെള്ളത്തില്‍ തന്നെ കുളിക്കണം !
........, ......... ,......... , ........., .........

അമ്മൂമ്മ അവിടെ തനിച്ചാണ് കുഞ്ഞേ ...
എല്ലാ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും പോലെ ..!
എങ്കിലും ഒരു അപ്പൂപ്പന്‍ താടിയെ പോലെ ..............

Thursday, December 16, 2010

ഒരിക്കല്‍ കൂടി ...!



എന്നെ ഒന്ന് വിളിക്കണം ,
സ്നേഹക്കരിമ്പാകും ഓര്‍മ്മയില്‍
ഒരു തുള്ളി മധുരം പോലും ബാക്കി വയ്ക്കാത്ത
ഈ വരണ്ട ഹൃദയത്തിലേക്ക് ...
ഒരു തണുത്ത നീരുറവയായി
ഒരിക്കല്‍ കൂടി ...!

ആകാശ മങ്ങെത്താ കൊമ്പിലാണെന്നും
പ്രണയിനികള്‍ ഒരു പോലെ ചിന്തിക്കുന്നുവെന്നും
മഴ , ദൈവങ്ങളുടെ ആനന്ദക്കണ്ണീര്‍ ആണെന്നും
പുലമ്പിയ ആ വിഡ്ഢി ദിനങ്ങള്‍ ഓര്‍ത്തെടുക്കുവാനായി
ഒരിക്കല്‍ കൂടി ,
എന്നെ ഒന്ന് വിളിക്കണം !

മുന്‍പെന്നോ , ഞാന്‍ നല്‍കിയ ഇതേ അപേക്ഷ
പരിഗണിക്കാത്ത ആ ദൈവങ്ങളെ പോലെ ,
ഒരിക്കലും വിളിക്കില്ലെന്നറിയാം .. എങ്കിലും
വീണ്ടും ഒരു അപേക്ഷ ..
എന്നെ ഒന്ന് വിളിക്കണം !
ചിലപ്പോഴൊക്കെ ഞാന്‍ പോലും മറന്നുപോകുന്ന
എന്‍റെ പത്തക്ക നമ്പര്‍ ഓര്‍ത്തെടുത്ത്‌
ഒരു വ്യാഴ വട്ടത്തിനു ശേഷമാണെങ്കിലും ...
ഒരു വട്ടം കൂടി ..
എന്നെ ഒന്ന് വിളിക്കണം !

കഴിയുമെങ്കില്‍ ഒരു മഴയുള്ള നേരത്ത്
അല്ലെങ്കില്‍ നല്ല നിലാവുള്ള രാവത്ത്...!
" ഒരിക്കല്‍ കൂടി എന്നെ ഒന്ന് വിളിക്കണം "
എന്നെനിക്കൊന്നു പറഞ്ഞവസാനിപ്പിക്കാനായെങ്കിലും
എന്നെ ഒന്ന് വിളിക്കണം !

ബാലന്‍സ് കഴിയും വരെ പരിഭവങ്ങള്‍ പറയാനല്ല ..!
ബാലന്‍സ് തെറ്റിയ മനസ്സിനൊരാശ്വാസമേകാന്‍ ....
ഒരിക്കല്‍ കൂടി ...

Tuesday, December 7, 2010

എന്റെ സുഹൃത്തുക്കള്‍ ..!


ഒരു പൊതിച്ചോറ് പോലെ പ്രണയം കൊണ്ടുനടക്കുന്ന ..
ഒരുപാട് പേരെ എനിക്കറിയാം ..!
സമയത്ത് കഴിക്കാതെ ,
പിന്നീട് ഒരിക്കലും കഴിക്കാനാവാതെ
വേദനയോടെ അത് വലിച്ചെറിഞ്ഞ
പലരെയും എനിക്കടുത്തറിയാം...!

ഇല വെട്ടി , അത് വാട്ടി
അതിലൊരു മൂലയില്‍ കറി വച്ച് ഭദ്രമായ്‌
സ്നേഹം പൊതിഞ്ഞു തരുന്ന
ചില വാടാത്ത ഹൃദയങ്ങളെയും എനിക്കറിയാം ..!
അതൊന്നു തുറന്നു നോക്കുവാന്‍ പോലും
സമയമില്ലാതെ വിലപിക്കുന്ന ...
പട്ടിണി കിടക്കുന്ന ...
പലരെയും ഇതുപോലെ എനിക്കറിയാം ..!

Thursday, November 25, 2010

ഒരു കടം ... !


നിനക്കായ് ഞാനയച്ച ഒരു എസ്‌ .എം .എസ്‌
ഔട്ട്‌ ബോക്സില്‍ ഇന്നും തനിയെ നീറി കിടക്കുന്നു ...
ഡിലീറ്റ് ചെയ്തിട്ടും പോകാതെ , മായാതെ
ഔട്ട്‌ ബോക്സില്‍ ഇന്നും കെട്ടി കിടക്കുന്നു ...!!

അന്ന് , ആ ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയുടെ
തുറന്നിട്ട വാതിലിന്‍റെ മറയില്‍ വച്ച്
ആരും കാണാതെ തരാമെന്ന് കരുതി
ഹൃദയത്തില്‍ സൂക്ഷിച്ചു വച്ച,
ഇതള്‍ കൊഴിയാത്ത ...
ഒരു ചുവന്ന ചുംബനപ്പൂ പോലെ ...!!

Saturday, October 23, 2010

മരിച്ചവര്‍ ദൈവങ്ങളാണ് ...!!


ആ അയ്യപ്പനും ഈ അയ്യപ്പനും
ഒരുപോലെയാണെന്നൊരു തോന്നല്‍ ..
ഏതോ ഒരു മൂലയില്‍ അനാഥനായ്‌ കിടക്കുന്ന
ഒരു പിഞ്ചുകുഞ്ഞിനെ പോലെ
തെരുവില്‍ ഏകനായ് ഒരു കവി,
പ്രിയ കവി , എ. അയ്യപ്പന്‍ ..!!
തെളിവിനായ് മാറിലെ മണിമാല പോലെ
രക്തത്തിന്‍ മണമുള്ള കവിത .
പുലിപ്പാല് തേടുന്ന മനസ്സുമായി
കാനനത്തിലേക്കെന്നപോല്‍ യാത്ര ..!!
ഒരു തുള്ളി ദാഹജലത്തിനായ് യാചിച്ച
ഒരു  യാചകപുത്രനെ  പോലെ ...
തെരുവില്‍ ഏകനായ് ഒരു കവി,
പ്രിയ കവി , എ. അയ്യപ്പന്‍ ..!!

Wednesday, October 6, 2010

ദൈവം ...!!


പരാജിതന്‍ :
" നിനക്കഭിമാനിക്കാന്‍ ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങളുണ്ട് ..
ആയിരങ്ങള്‍ ആരവങ്ങളോടെ കൂടെയുണ്ട് ,
പിന്നെ , ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച ആവേശം കൈമുതലായുണ്ട്‌ ..!
പക്ഷെ , എനിക്കോ ....?"
വിജയി :
"ദയവായി വിഷമിക്കരുത് , കാരണം , എനിക്കേറ്റവും പ്രിയപ്പെട്ടവനാണ് നീ ...!!
പടക്കളത്തിലൂടെയുള്ള എന്‍റെ ജീവിത യാത്രയില്‍ ,
നിയന്ത്രണമില്ലാതെ ഓടിയ എന്‍ വെള്ളക്കുതിരയെ
പിടിച്ചുകെട്ടി തന്നവനാണ്‌ നീ ...
എപ്പോഴോ പതറിയ നിന്‍ മനസ്സുമൂലം
വിജയതിലകമണിയാനുള്ള ഭാഗ്യമുണ്ടായില്ല, എങ്കിലും
നീ കരുത്തനാണ്..
കാരണം , എന്നെ ഞാനാക്കിയത് നീ മാത്രമാണ് ..! "

അറിയുക, ഒരു പരാജിതനാണ് ഒരു വിജയിയെ സൃഷ്ടിക്കുന്നതെന്ന് ....!!!!

Thursday, September 9, 2010

കണ്ണിമാങ്ങ

അമ്മ പറഞ്ഞു :
അന്ന് എന്‍റെ വാക്കുകള്‍ നീ അനുസരിച്ചത് കൊണ്ട്,
അധികം വാശി പിടിക്കാതിരുന്നത് കൊണ്ട്
നിനക്ക് ഇത്ര മാധുര്യമുള്ള ഒരു മാമ്പഴം ലഭിച്ചില്ലേ ...?

മകന്‍ പറഞ്ഞു :
മാമ്പഴം നന്നായി മധുരിക്കുന്നു , മനോഹരവുമായിരിക്കുന്നു ....
എങ്കിലും എനിക്കാ കണ്ണിമാങ്ങയും ഇഷ്ടമായിരുന്നു ...!!!
അതിന്‍റെ ആ പുളിപ്പും , പിന്നെ ..............!

( കടപ്പാട് : " മാമ്പഴം " & " the road not taken " )

Tuesday, August 31, 2010

"പതിമൂന്നു"കാരന്‍

കെട്ടിലും മട്ടിലും മുട്ടൊന്നുമില്ലാത്ത
എട്ടില്‍ ജനിച്ചവനല്ലേ , ഞാനും ?
എങ്കിലും ഈയൊരു ജീവിത യാത്രയില്‍
കണക്കു കൊണ്ടൊരു കളി കൂടി നോക്കാം ..
സ്വപ്നങ്ങള്‍ 'റീ-ചാര്‍ജ്ജു' ചെയ്യുവാനായി
ആശ്രയം ലോട്ടറി ടിക്കറ്റ്‌ മാത്രം ..!!
അടവുകള്‍ പതിനെട്ടും പയറ്റുവാനായിട്ടു
ഒടുവിലെ ' പതിനെട്ട്' ഇങ്ങ് തായോ ..
കളരികള്‍ക്കാശാനാം ആഡംസ് സ്മിത്തേ
ആഡംബരമൊന്നുമല്ല സ്വപ്നം
പ്രണയവും പണയംവയ്ക്കുന്ന ഈനാട്ടില്‍
പാണ്ഡവര്‍ അല്ലയെന്‍ മുന്‍ഗാമികള്‍ .
മരണം 'ലൈവ്' ആക്കും മാധ്യമസംസ്കാരം
മാതൃകയാക്കുന്ന ചൂതാട്ടത്തില്‍
പകിടതന്‍ ഒടുവിലെ ഭാഗ്യനമ്പര്‍
'പന്ത്രണ്ടും' പരീക്ഷിച്ചു തോറ്റുപോയി
രാജാവിന്‍ മകന്‍റെ ഓര്‍മ്മയുണര്‍ത്തുന്ന
ഡബിള്‍ ടു ഡബിള്‍ ഫൈവും ചതിച്ചുവെന്നെ
മായാവിതന്‍ ട്രിപ്പിള്‍ ഫൈവ് മിസ്സായ ശേഷം
ചെകുത്താന്‍റെതായ ട്രിപ്പിള്‍ സിക്സും
പിന്നെയെന്‍ ഫോണിന്‍റെ ഒടുവിലെ മൂന്നക്കം
'അഞ്ഞൂറ്റി മുപ്പത്തിയേഴു' തായോ ...!!

ഭാഗ്യമില്ലത്തവന്‍ എടുക്കുന്ന നമ്പറുകള്‍
ദയവായി ഇനിയാരും എടുക്കരുത് !
എന്‍റെകൂടെ പാടി ശ്രുതി തെറ്റിപ്പോയെന്നു
ആരോടും പോയിനി പറയരുത് !
ഒന്നാമനാകുവാന്‍ മോഹിച്ച , ദാഹിച്ച
"പതിമൂന്നു" കാരന്‍റെ അപേക്ഷ മാത്രം ...!!!

Wednesday, August 25, 2010

ഓണ പൊട്ടന്‍ ...!



പൂക്കളെ , നിങ്ങളെ ഇഷ്ടമല്ലാഞ്ഞല്ല,
പൂക്കളം തീര്‍ക്കുവാന്‍ മോഹമില്ലാഞ്ഞല്ല ..
രാവിലെ ഇട്ടൊരു പൂക്കളം സന്ധ്യയില്‍
വാടുമെ ന്നോര്‍ത്തത്‌ കൊണ്ടാണോ , അറിയില്ല !
ആയിരം മുറ്റത്ത്‌ കണ്ണീര്‍ ഒഴുകുമ്പോള്‍ ..
എന്നുടെ ഉമ്മറത്തെന്തിനീ  പൂക്കളം !!

പിച്ചയും മുല്ലയും പൂത്ത വഴികളില്‍
പിച്ച വെച്ച് നടന്നൊരാ നാളിലും
പൂക്കള്‍ പൂമ്പാറ്റ ക്കുള്ള തെന്നറിഞ്ഞു ഞാന്‍
ഒരു തെച്ചി പ്പൂ പോലും നുള്ളിയിരുന്നില്ല ..!

ഊഞ്ഞാല് കെട്ടുവാന്‍ നാട്ടിയ കയറഴി -
ച്ചോര്‍മ്മതന്‍ പോസ്റ്റുമോര്‍ട്ടം നടത്തുമ്പോള്‍
ഒരു പൂവ് കൊണ്ടതിന്‍ കാല്ക്കലായ് വെച്ചപ്പോള്‍
നിലവിളി പോലൊരു പൂവിളി കേട്ടുവോ ?

ആര്‍പ്പുവിളികളാല്‍ ആടിത്തിമിര്‍ക്കുന്ന
"തിരോണം വന്നെന്ന" പാട്ടുമായെത്തുന്ന
കുമ്മാട്ടി ക്കൂട്ടത്തിന്‍ ചാരെയായി നില്‍ക്കുന്നു
ഇന്നും വെറുമൊരു ഓണ പ്പൊട്ടനായി .. കാലം !!

Wednesday, August 18, 2010

തേര്‍ഡ് അമ്പയര്‍ :


തേര്‍ഡ് അമ്പയര്‍ ഇല്ലാത്ത കാലം ..!
ഞാനേറെ വിഷമിച്ച നേരം ...
ഉത്തരമില്ലാത്ത ഒരു ചോദ്യം ,
എനിക്കൊത്തിരി ഇഷ്ടം അതാരെ?

അച്ഛന്‍റെ അരികില്‍ അച്ഛനെയെന്നും,
അമ്മയുടെ അരികില്‍ അമ്മയെയെന്നും
പറ ഞൊളിച്ച എന്‍റെ ബാല്യം !!!
നീണ്ട ഇടവേളക്കു ശേഷം , ദാ
വീണ്ടും അതുപോലൊരു ചോദ്യം .
അന്നെന്നെ ഏറെ കൊതിപ്പിച്ചതെന്ത് ?
ഉത്തരം : കളിപ്പാട്ടം ..!
അതിലേതെന്ന് ഒരു ഉപചോദ്യം ..
പാവയോ , കളിവണ്ടിയോ ?
സുന്ദരിയായൊരു പാവ ,
എന്നെ കണ്ടാല്‍ ചിരിക്കുന്ന , ആരും കാണാതെ കരയുന്ന ..
കിടത്തിയാല്‍ തല്‍ഷണം 'സുല്ലി'ട്ടുറങ്ങുന്ന
എന്‍റെ മനസ്സുപോലൊരു കളിപ്പാവ... !
ചക്രങ്ങള്‍ ഇളകിയ വണ്ടി,
'കീ' നല്‍കിയാല്‍ കുതിക്കുന്ന ,
ചുമരില്‍ ഇടിച്ചാലോ വഴി മാറിയോടുന്ന
ഒരിക്കലും തകരാത്ത ഹൃദയമാകുന്നോരെന്‍
വിലകുറഞ്ഞ പാവം കളിവണ്ടി .

ഇന്നിതില്‍ ഏതിനെയാണ് എനിക്കേറെ ഇഷ്ടം ???
സ്ക്രീനില്‍ തെളിയുന്നു " pending "...!!!

Monday, August 16, 2010

കഥ പറയുന്ന ചിത്രം


അറിയാതെ കോറിയിട്ടൊരു ചിത്രം ...
ഇന്ന് , കഥ പറയുന്നൊരു ചിത്രം,
ഇത് അടിക്കുറിപ്പില്ലാത്ത ചിത്രം ..!

കണ്ണീരു കൊണ്ടോ വിയര്‍പ്പു കൊണ്ടോ
ചാലിച്ചെഴുതിയ ബഹു വര്‍ണ്ണചിത്രം ..!

അകലെയെന്നോ കണ്ട , പ്രണയക്കിനാവിന്‍റെ
പരിഭവമില്ലാത്ത ഒരോര്‍മ്മ ചിത്രം !!!

Friday, August 6, 2010

സെന്‍സസ്....!!



സ്വപ്നങ്ങളെ കുറിച്ചൊരു സെന്‍സസ് എടുക്കുന്നു ..
കൂട്ടലും കിഴിക്കലും കൃത്യമാകുന്നു...!!!!
കാശിക്കു പോയവര്‍ തിരിച്ചു വരുന്നു ..
തുമ്പികള്‍ ചിറകടിച്ചു പറന്നകലുന്നു
ലോകം അവസാനിക്കാറായി എന്ന് തോന്നുന്നു ...!!

കാലഘടികാരത്തിന്‍ അലറല്‍ നിലക്കുന്നു .......
അമ്മിഞ്ഞപാല് കുപ്പിയില്‍ വില്‍ക്കുന്നു ...
ആലിലകള്‍ അനങ്ങാതെ നില്‍ക്കുന്നു ...!!
കടലാസുതോണി കരയിലേക്കെത്തുന്നു...
ലോകം അവസാനിക്കാറായി എന്ന് തോന്നുന്നു ...

പൂക്കളില്ലാതെ ഓണവും എത്തുന്നു ..
പച്ചപട്ടു പാവാടയിട്ട് വേനല്‍ ഊഞ്ഞാല്‍ ആടുന്നു ...
കണ്മഷിയാല്‍ കലങ്ങിയ മിഴികള്‍ ചിരിക്കുന്നു .
മനസ്സ് ഹൃദയത്തിനോട് പറയുന്നു ...
ലോകം അവസാനിക്കാറായി എന്ന് തോന്നുന്നു ..!

Friday, July 16, 2010

സൗന്ദര്യം







മനസ്സിനെയും മിഴികളെയും കുറിച്ചൊരു തര്‍ക്കം ..
ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം..

'എ' പറഞ്ഞു മനസ്സിനെന്ന്...
'ബി' പറഞ്ഞു മിഴികള്‍ക്കെ ന്ന് ...

നാവ് സ്വകാര്യം പറഞ്ഞു ,
മിഴികള്‍ തന്‍ സൗന്ദര്യം കാണാം ..
മനസ്സിന്‍റെ സൗന്ദര്യം അറിയാം ..!!

ഇത് കേട്ട 'സി' , ' ബി' യോട് കൂടി ...
'' കാണാന്‍ കഴിയാത്തതെന്തു സൗന്ദര്യം !!! "

എന്നാല്‍ ' എ' വീണ്ടുമോതി ...
മനസ്സിന് തന്നെ സൗന്ദര്യം ....!!
"എത്ര സുന്ദരമാണീ പ്രപഞ്ചം ....
എല്ലാം കാണുന്നതുണ്ടോ മനുഷ്യന്‍ ..!!!!

Friday, June 18, 2010

ഞാന്‍


ഇന്നും ഞാന്‍ ആരോടും പറയാതെ പോന്നു ..
പരിഭവങ്ങള്‍ മനസിന്‍റെ ഇരുളിലെക്കെറിഞ്ഞ് ..
മുറ്റത്ത്‌ നിന്നോരിത്തിരി മുത്തും വാരിക്കൊണ്ട് ..
ഇന്നലെ എന്ന പോലിന്നും ...
ഞാന്‍ ആരോടും പറയാതെ പോന്നു ..!!!
വസന്തം വരുമ്പോള്‍ ചിരിക്കുന്ന മനസ്സേ ..
നീ ചിറകുമടിച്ച് പറന്നങ്ങകലുക...
മുഖത്തെ ചായങ്ങള്‍ താനേ കഴുകുന്ന ...
ഈ മഴയില്‍ ഒരു ചേമ്പില ചൂടി ,
ആരും കാണാതെ ..നിറഞ്ഞ കണ്ണുകളുമായി ...
ഞാന്‍ ആരോടും ...
പറയാതെ പോന്നു ..!!!

Thursday, June 17, 2010

പ്രണയവും സത്യവും ...


പ്രണയവും സത്യവും ...
പ്രണയം
സത്യത്തിനു മുന്‍പില്‍ കീഴടങ്ങുമ്പോള്‍ ....
നഷ്ടം ആര്‍ക്ക്..?
കാമുകനോ ...
പ്രണയത്തിനോ ...
അതോ ...
സത്യത്തിനോ....?

Sunday, June 6, 2010

കൊടകര



അക്കരെ ഇക്കരെ അല്ല ,കൊടകര എന്‍റെ കരളിലാ ണേ ...
അക്കരെ ഇക്കരെ അല്ല ,കൊടകര എന്‍റെ കരളിലാ ണേ..
എന്‍റെ നെഞ്ചിന്‍റെ ഉള്ളിലാണേ ...


അങ്ങേ കരയിലെ പാടം..
പിന്നെ ഇങ്ങേ കരയിലെ മാടം ..
നാടോടി പാട്ടിന്‍റെ താളം ,
കാവടി ആട്ടത്തിന്‍ മേളം ....
എങ്ങും കാവടി ആട്ടത്തിന്‍ മേളം..!!! ( അക്കരെ )

ആണ്ടില് പൂക്കണ മാവ്..
പിന്നെ , ദൂരത്ത്‌ നാഗത്താന്‍ക്കാവ് ..
മുത്തുക്കുട പെരുന്നാള് ..
കാണാന്‍ പോരുന്നോ എന്‍റെ പെണ്ണാളെ ..
കാണാന്‍ പോരുന്നോ എന്‍ കൂട്ടുകാരെ ...(അക്കരെ )

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!