Saturday, October 29, 2011

പ്രണയത്തിന്റെ പ്രത്യയശാസ്ത്രം ...!!


ഇത് നിന്റെ പ്രിയ സഖാവിന്റെ അപേക്ഷ ,
സഖീ നീ എന്നോട് പൊറുക്കുക ...!!
അങ്ങകലെ എങ്ങോ ഉള്ള ...
ഒരു  ചുവന്ന ചക്രവാളം മാത്രം സ്വപ്നം കാണുന്ന
നിന്റെ ഈ സഖാവിനോട് പൊറുക്കുക ..
നിനക്ക് ഞാന്‍ സമ്മാനിക്കുമായിരുന്ന
ആ ചുവന്നവളകളുടെ ഓര്‍മ്മകള്‍ നീ മറക്കുക ..
ജീവിതത്തിലെ ഏക സ്വകാര്യ സ്വപ്നം
ആ കുപ്പിവളകള്‍പോല്‍ പൊട്ടിച്ചിതറിയപ്പോള്‍ 
അറിയാതെ ചിന്നിയ ചോരയുടെ നിറം നിന്‍ നെഞ്ചിലേറ്റി
ആ കറ നീ മറക്കുക ... !
സഖീ നീ പൊറുക്കുക , ഈ ഏകാന്ത പഥികനോട് .. !!
ഇന്നും ചുവക്കാതെ താഴ്ന്നിറങ്ങി പോയ
ആ സൂര്യനെ നോക്കി നില്‍ക്കുമ്പോള്‍ ,
സഖീ നീ അറിയുക ,
ആ നിഴല്‍ എന്റെ ജീവിതത്തിന്റെ നിഴലല്ലെന്ന് ...
ആ നിഴല്‍ നിന്റെതല്ലെന്ന് ....!
നിന്നെയാണെനിക്ക്   നേടേണ്ടിയിരുന്നതെങ്കില്‍ ,
കാലഘടികാരത്തിന്റെ  തുരുമ്പിച്ച സൂചികള്‍
ഒരല്പം കൂടി സമയം എനിക്ക് തരുമായിരുന്നു ..!!!

Thursday, October 13, 2011

കവര്‍ന്നെടുക്കുമ്പോള്‍ ....!



സര്‍വതും കവര്‍ന്നെടുക്കുമ്പോള്‍ ...
ഞാനെഴുതിയ എന്റെ സ്നേഹവാക്കുകള്‍ ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

ഒരിക്കല്‍ ഒരു പ്രണയഗാനം
എന്റെ ചെവിയില്‍ മൂളിയതിനു  പകരമായി ,
അവള്‍ക്കു നല്‍കാന്‍  ഞാന്‍ സൂക്ഷിച്ചു വയ്ക്കുന്ന
ആ സ്നേഹവാക്കുകള്‍ മാത്രം ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

അതിനു ചിലപ്പോള്‍ ഒരു കവിതയുടെ സൗന്ദര്യമുണ്ടാകും ,
ഒരു വിരഹഗാനത്തിന്റെ  താളമുണ്ടാകും ...
ഒരു നഷ്ടസ്വപ്നത്തിന്റെ വേദനയുണ്ടാകും ...
അതുമല്ലെങ്കില്‍
രണ്ട് തുള്ളി കണ്ണീരിന്റെ ഉപ്പുരസമുണ്ടാകും ..
അതേയുള്ളൂ സ്വന്തമായി .. !
അതുകൊണ്ട്  ദയവായി ആ സ്നേഹവാക്കുകള്‍ എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

അതും കൂടി കവര്‍ന്നെടുത്താല്‍ ....

Sunday, October 9, 2011

" ബുക്ക്‌ - പോസ്റ്റ്‌ ..! "




കത്തുന്ന മനസ്സിലൊരു കുളിര്‍മഴ പെയ്യുംപോല്‍ ,
സൈക്കിളില്‍ എത്തുന്ന കൂട്ടുകാരാ ...,
സ്വപ്‌നങ്ങള്‍ , മുത്തങ്ങള്‍ എല്ലാമൊളിപ്പിച്ച
കത്തുമായെത്തുന്ന കൂട്ടുകാരാ ,
എല്ലാമറിഞ്ഞത്  നിന്നിലൂടെ ..!
എന്റെ ഹൃദയത്തില്‍ നിന്നവള്‍
പറിച്ചുകൊണ്ടോടിയ  നന്ദിനി പെറ്റതും
കിടാവിനു "മുത്തെ''ന്ന് പേരിട്ടതും , പിന്നെ
തെക്കേവളപ്പിലെ മാവ് പൂവിട്ടതും
എല്ലാം അറിഞ്ഞത് നിന്നിലൂടെ .... !!
തറവാട്ടുമുറ്റത്ത്‌  ഓടിക്കളിച്ചൊരു
ഓര്‍മ്മയുമായ് വീണ്ടും ഉത്സവമെത്തുമ്പോള്‍
ഈ വട്ടവും ഞാന്‍ വരില്ലെന്നറിഞ്ഞ , അവളുടെ ...
വേദനയറിഞ്ഞതും  നിന്നിലൂടെ ... !
ഓണവും ക്രിസ്മസും എന്റെ പിറന്നാളു -
മോര്‍ത്തവള്‍ അയയ്ക്കുന്ന ആശംസാകാര്‍ഡുമായ്,
സൈക്കിള്‍ മണിയുടെ പൊട്ടിച്ചിരിയോടെ ,
വീട്ടിലേക്കെത്തുന്ന കൂട്ടുകാരാ .. ,
അവളുടെ സ്നേഹമറിഞ്ഞതും  നിന്നിലൂടെ ..!!
നേരിട്ട് മാത്രം തരാറുള്ള  'ബുക്ക്‌ പോസ്റ്റ്‌ '
ഉമ്മറത്തേക്കെറിഞ്ഞു നീയിന്നു പോയപ്പോള്‍ ...
നീ ചിരിക്കുന്നത് കണ്ടില്ല ഞാന്‍ , എന്നാല്‍
പതിവില്ലാതെയെന്നെ കളിയാക്കി ചിരിക്കുന്ന
ആ ബുക്ക്‌ - പോസ്റ്റിനെന്തിത്ര ചന്തം ?
അവളുടെ കല്യാണക്കുറിയുടെ ചന്തം ...!!!!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!