Monday, December 24, 2012

ഇത് കുരുക്ഷേത്രം ... !




അന്ന് ഹസ്തിനാപുരിയിലായാലും ,
ഇന്ന് ഇന്ദ്രപ്രസ്ഥത്തിലായാലും ...
ഒരു പെണ്ണ് വലിച്ചിഴക്കപ്പെടുമ്പോള്‍,
അവളുടെ രോദനമുയരുമ്പോള്‍ ,
സിംഹാസനത്തിലിരുന്നവര്‍ അന്ധന്മാരായിരുന്നു ...
അവര്‍ മൌനവൃതത്തിലായിരുന്നു .... !

Monday, November 19, 2012

കണ്ണീരിന്‍റെ നിറം .... !



ഗാസയിലെ ഏതോ ഒരു തെരുവില്‍
വിതുമ്പി കരയുന്ന ഒരച്ഛന്‍റെ 
വിറയ്ക്കുന്ന കൈകളില്‍ കിടക്കുന്ന ആ കുട്ടി ,
 എന്‍റെ  മകളെ പോലെയിരിക്കുന്നു .... !!

ആ കുഞ്ഞുടുപ്പ് ... അതേ ചിതറിയ കുറുനിരകള്‍ ....
അവള്‍ ഉറങ്ങുകയാണ് ....
ഈ ലോകത്തിലെ മാതാപിതാക്കളുടെ കണ്ണീരിന്
ഈ സമൂഹം  പ്രത്യേകിച്ച് ഒരു നിറവും കല്‍പിച്ചുകൊടുത്തിട്ടില്ലെത്രേ ..... !!!

Monday, November 12, 2012

മിന്നാമിനുങ്ങ്‌ .. !




ഇന്ന് ദീപങ്ങള്‍ തെളിഞ്ഞ കണ്ണുകളുമായി പുഞ്ചിരിക്കുമ്പോള്‍
ഒരു മിന്നാമിനുങ്ങാകുവാന്‍ മോഹം ....
 ഉള്ളില്‍ തീ കനലുള്ള ഒരു  മിന്നാമിനുങ്ങ്‌ ..
എല്ലാം മറന്നു  നിന്‍  അരികില്‍ വന്നു
ആ എണ്ണവറ്റിയ  മണ്‍ ചിരാതില്‍
 എന്റെ സ്വപ്‌നങ്ങള്‍ അടിയറവുവച്ചുകൊണ്ട്
ഒരു കരിന്തിരിയാകുവാന്‍ മോഹം .... !

Wednesday, September 12, 2012

സ്വയംവരം .... !!


ഇന്നാണ്    നമ്മുടെ  രാജകുമാരിയുടെ  സ്വയംവരം ...
 കുമാരി  അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍
എന്‍റെയുള്ളിലും എങ്ങുമില്ലാത്ത  സന്തോഷം  ...
പക്ഷെ , ആ  കണ്ണുകള്‍ കലങ്ങിയത് കണ്ടപ്പോള്‍ ...!!
അറിയാതെ മനസ്സു ചോദിക്കുന്നു ...
എന്ത് പറ്റി നമ്മുടെ  രാജകുമാരിക്ക് .... ?

കുമാരിക്ക് എന്നും ഇഷ്ടം  ഈ പുഴകളെ സ്നേഹിക്കുന്ന , 
മലകളെ സ്നേഹിക്കുന്ന   ഒരാളെ ....
ഈ പൂക്കളെ സ്നേഹിക്കുന്ന ,
പൂമ്പാറ്റകളെ സ്നേഹിക്കുന്ന ആരോ ഒരാളെ ... !!

അന്യ രാജ്യത്തെ രാജാക്കന്മാര്‍ വന്നിരിക്കുന്നു ,
 രാജകുമാരന്മാര്‍ വന്നിരിക്കുന്നു ...
അവരില്‍ ചിലര്‍  നമ്മുടെ നാടിനെ ആക്രമിച്ചവര്‍  ...
നമ്മുടെ നാടിനെ കൊള്ളയടിച്ചവര്‍ ...!!
എന്നിട്ടും ബന്ധുക്കള്‍ പറയുന്നു ....
'കുമാരി ആ വെളുത്ത നിറമുള്ള രാജകുമാരനെ കണ്ടോ ...?
നീ  ആ കുമാരനെ തന്നെ വരിക്കുക ....
അവനാണ് കൂടുതല്‍ സമ്പന്നന്‍ ....!
അവനാണ് കൂടുതല്‍ സൈന്യമുള്ളവന്‍ ..!!
നിന്‍റെ സൗന്ദര്യം കണ്ട് ... , നിന്‍റെ പാരമ്പര്യ സ്വത്ത് കണ്ട് ...
കടല്‍ കടന്നു വന്നവനാണവന്‍ ....
നീ  ആ കുമാരനെ തന്നെ വരിക്കുക .... !!!'

പൂമാല വലിച്ചെറിഞ്ഞു രാജകുമാരി കുതറിയോടുമ്പോള്‍...
ആ  കൈപിടിച്ച്  ആ വെളുത്ത രാജകുമാരന് നല്‍കികൊണ്ട്  ...
രാജാവ് ഉറക്കെ പറയുന്നു ....
''ഞങ്ങള്‍ക്കും മാറണം .. ഞങ്ങള്‍ക്കും സമ്പന്നരാകണം....
ഇന്നാണ് നമ്മുടെ  രാജകുമാരിയുടെ  സ്വയംവരം .. !!!''

Saturday, June 23, 2012

ഒരു നുള്ള് ... !





" മഴ നനഞ്ഞോടിവന്നപ്പോള്‍ 
അച്ഛനെന്റെ നെറുകയിലിട്ടുതന്ന
ആ  ഒരു  നുള്ള്  രാസനാദിപൊടിയുടെ
 സ്നേഹവും കരുതലും ,
നിങ്ങളെന്റെ നെറുകയില്‍ ചാര്‍ത്തിയ 
ഈ ഒരു നുള്ള് കുങ്കുമത്തിനുണ്ടാകില്ല ...
ഒരിക്കലും ..... ! "

Sunday, May 20, 2012

ക്യാപ്പിറ്റല്‍ പണിഷ് മെന്റ് ... !




ആയിരമായിരം  തീപ്പന്തങ്ങള്‍  ..
ഇന്നൊരു കണ്ണീര്‍ ചാറ്റല്‍ മഴയില്‍  ഒലിച്ചു പോകുമ്പോള്‍ ,
അണയാത്ത  പ്രതീക്ഷയുടെ ചെറുതോണി പോലെ ,
 അരികിലായ്  ഏതോ ഒരു പേടകം .. !
  മുങ്ങി ചാകുമോ ...
  അതോ  നീന്തി പിടിക്കാനാകുമോ ...?

Saturday, March 24, 2012

ടാബ് ലെറ്റ്‌ ... !





അയാളോടുള്ള അവളുടെ വാക്കുകള്‍   ഇങ്ങനെയായിരുന്നു ...

" നേരം വെളുക്കുവോളം ആ ലാപ് ടോപ്പും  കെട്ടിപ്പിടിച്ചിരുന്നാല്‍ 
മനുഷ്യാ ,  നിങ്ങളെ അച്ഛാ എന്ന് വിളിക്കാന്‍ .... !,
വേണ്ട ... എനിക്ക് ആരോടും പരിഭവം ഇല്ല ...

ഇനി  , നിങ്ങളിലൂടെ എനിക്ക് താലോലിക്കാന്‍
 ഒരു ടാബ് ലെറ്റ്  എങ്കിലും  പിറന്നിരുന്നെങ്കില്‍
 എന്ന ചെറിയൊരു മോഹം മാത്രം  ...! "

Thursday, March 8, 2012

ഇതാണ് സ്നേഹിതേ കാലം ....!



അന്നൊരു  നുള്ള് കുങ്കുമം  നെറുകയില്‍  
ചാര്‍ത്താന്‍  ഒരു പിടി മോഹം ... !
ഒടുവില്‍ നിറമില്ലാതൊഴുകിയ കണ്ണീരിനെ 
മാച്ചു കളഞ്ഞതും കാലം .. !

ഇതാണ്  സ്നേഹിതേ കാലം ....!

ഇന്നതേ വിരലുകള്‍ നിന്‍ കവിളിലൊരുപിടി  
കുങ്കുമം  പുരട്ടുന്ന നേരം ...
അറിയുന്നു പ്രിയ സഖീ  അന്ന് ഞാന്‍ നല്‍കിയ
സ്വപ്ന വര്‍ണ്ണങ്ങളല്ലയിതൊന്നും.

ഇതാണ് സ്നേഹിതേ ഹോളി .. !
ഇതാണ് സ്നേഹിതേ കാലം ... !

Wednesday, February 15, 2012

മുറിവ്  ....!




നൂറു ശതമാനം  'സ്റ്റെയിന്‍ലെസ്സ്  സ്റ്റീല്‍ '  ആണ് പോലും ... !
വെട്ടിത്തിളങ്ങിയ  കാലത്ത്  ഒരു  ഹൃദയത്തെ  മുറിവേല്‍പ്പിച്ച  ഓര്‍മ്മകളുമായി  
ഇന്നിതാ   നിറം മങ്ങി ,  മൂര്‍ച്ച കുറഞ്ഞ്  
ഒരു നഖം പോലും മുറിക്കുവാനാകാതെ 
അലസമായി  ഇങ്ങനെ  കിടക്കുമ്പോള്‍  .. അറിയുന്നു ...
ആ   ' നൂറിലെ ഒന്ന് ' പണ്ടേ  മാഞ്ഞു  പോയിരുന്നുവെന്ന്...!
എന്നിട്ടും  പറയുന്നു  'സ്റ്റെയിന്‍ ലെസ്സ്  സ്റ്റീല്‍ ' ആണെന്ന് ...
'സ്റ്റെയിന്‍ലെസ്സ്  സ്റ്റീല്‍ ' .... !!





....

Tuesday, February 7, 2012

വെള്ളിയഴകുള്ള മുല്ല ... !



വെണ്മേഘ നിറമുള്ള പെണ്ണേ ...
നിന്നെ കാത്ത്‌  കാത്ത്‌ ഞാന്‍ നിന്നു ....
വെണ്‍ ത്തൂവല്‍  അഴകുള്ള  പൊന്നേ ..
നിന്നെ തേടി  തേടി ഞാന്‍ വന്നു  ...!

തേന്‍ നുകരണ വണ്ടായ് നീ എന്നുള്ളില്‍  വന്നതാണോ ..
തിരയിളകും കടലായി നീ  എന്‍ നെഞ്ചില്‍ കൂട്ടിനോ ...?

പൂക്കാലം പൂ ചൂടും ഇന്നെന്നില്‍ നീ അല്ലേ ..
നിന്‍ കണ്ണില്‍   കൂട്ടാകും ഈ കാര്‍മേഘം മെല്ലെ !
ഈ കുഞ്ഞു കുഞ്ഞു ചിരിയോടെ ..
നീ മെല്ലെ അരികിലായ് പോരു ...
ഈ കാറ്റ് മൂളും അഴകോടെ 
നീ പാടിയെത്തുമോ ചാരെ ..
തിരി നാളം തെളിയുന്നീ  സ്വപ്‌നങ്ങള്‍  കണ്ടതാണോ ...
മലരിതളായ് കൊഴിയുന്നീ വിരഹം നിന്‍ പാട്ടിനോ ..

പൊന്നാമ്പല്‍ പൂചൂടുംന്നീ രാവിന്‍ സുഗന്ധം   
പൂന്തോപ്പില്‍ വന്നെത്തും നിന്‍ പാലപ്പൂ ഗന്ധം ...!
ഈ കുഞ്ഞു തെന്നലായ് മെല്ലെ ...
നീ ചാരെയെത്തുന്നതല്ലേ ..?
എന്‍ വെള്ളിയഴകുള്ള മുല്ലേ ...
ഈ വെള്ളി രാവില്‍ വരില്ലേ ...?
മണിയറയില്‍ മധുവൂറും മധുരങ്ങള്‍  തന്നതാണോ ..
തിരുമണമായ് .... , ഇനിയെന്നും  സഖിയായ്‌ നീ കൂട്ടിനോ ..!!

വെണ്മേഘ നിറമുള്ള പെണ്ണേ ...
നിന്നെ കാത്ത്‌  കാത്ത്‌ ഞാന്‍ നിന്നു ....
വെണ്‍ ത്തൂവല്‍  അഴകുള്ള  പൊന്നേ ..
നിന്നെ തേടി  തേടി ഞാന്‍ വന്നു  ...!

 ( മനീഷിന്റെ ഈണത്തില്‍ ഞാന്‍ എഴുതിയ ഗാനം ..  ആലാപനം : ഫ്രാങ്കോ  )

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!