Tuesday, August 31, 2010

"പതിമൂന്നു"കാരന്‍

കെട്ടിലും മട്ടിലും മുട്ടൊന്നുമില്ലാത്ത
എട്ടില്‍ ജനിച്ചവനല്ലേ , ഞാനും ?
എങ്കിലും ഈയൊരു ജീവിത യാത്രയില്‍
കണക്കു കൊണ്ടൊരു കളി കൂടി നോക്കാം ..
സ്വപ്നങ്ങള്‍ 'റീ-ചാര്‍ജ്ജു' ചെയ്യുവാനായി
ആശ്രയം ലോട്ടറി ടിക്കറ്റ്‌ മാത്രം ..!!
അടവുകള്‍ പതിനെട്ടും പയറ്റുവാനായിട്ടു
ഒടുവിലെ ' പതിനെട്ട്' ഇങ്ങ് തായോ ..
കളരികള്‍ക്കാശാനാം ആഡംസ് സ്മിത്തേ
ആഡംബരമൊന്നുമല്ല സ്വപ്നം
പ്രണയവും പണയംവയ്ക്കുന്ന ഈനാട്ടില്‍
പാണ്ഡവര്‍ അല്ലയെന്‍ മുന്‍ഗാമികള്‍ .
മരണം 'ലൈവ്' ആക്കും മാധ്യമസംസ്കാരം
മാതൃകയാക്കുന്ന ചൂതാട്ടത്തില്‍
പകിടതന്‍ ഒടുവിലെ ഭാഗ്യനമ്പര്‍
'പന്ത്രണ്ടും' പരീക്ഷിച്ചു തോറ്റുപോയി
രാജാവിന്‍ മകന്‍റെ ഓര്‍മ്മയുണര്‍ത്തുന്ന
ഡബിള്‍ ടു ഡബിള്‍ ഫൈവും ചതിച്ചുവെന്നെ
മായാവിതന്‍ ട്രിപ്പിള്‍ ഫൈവ് മിസ്സായ ശേഷം
ചെകുത്താന്‍റെതായ ട്രിപ്പിള്‍ സിക്സും
പിന്നെയെന്‍ ഫോണിന്‍റെ ഒടുവിലെ മൂന്നക്കം
'അഞ്ഞൂറ്റി മുപ്പത്തിയേഴു' തായോ ...!!

ഭാഗ്യമില്ലത്തവന്‍ എടുക്കുന്ന നമ്പറുകള്‍
ദയവായി ഇനിയാരും എടുക്കരുത് !
എന്‍റെകൂടെ പാടി ശ്രുതി തെറ്റിപ്പോയെന്നു
ആരോടും പോയിനി പറയരുത് !
ഒന്നാമനാകുവാന്‍ മോഹിച്ച , ദാഹിച്ച
"പതിമൂന്നു" കാരന്‍റെ അപേക്ഷ മാത്രം ...!!!

Wednesday, August 25, 2010

ഓണ പൊട്ടന്‍ ...!



പൂക്കളെ , നിങ്ങളെ ഇഷ്ടമല്ലാഞ്ഞല്ല,
പൂക്കളം തീര്‍ക്കുവാന്‍ മോഹമില്ലാഞ്ഞല്ല ..
രാവിലെ ഇട്ടൊരു പൂക്കളം സന്ധ്യയില്‍
വാടുമെ ന്നോര്‍ത്തത്‌ കൊണ്ടാണോ , അറിയില്ല !
ആയിരം മുറ്റത്ത്‌ കണ്ണീര്‍ ഒഴുകുമ്പോള്‍ ..
എന്നുടെ ഉമ്മറത്തെന്തിനീ  പൂക്കളം !!

പിച്ചയും മുല്ലയും പൂത്ത വഴികളില്‍
പിച്ച വെച്ച് നടന്നൊരാ നാളിലും
പൂക്കള്‍ പൂമ്പാറ്റ ക്കുള്ള തെന്നറിഞ്ഞു ഞാന്‍
ഒരു തെച്ചി പ്പൂ പോലും നുള്ളിയിരുന്നില്ല ..!

ഊഞ്ഞാല് കെട്ടുവാന്‍ നാട്ടിയ കയറഴി -
ച്ചോര്‍മ്മതന്‍ പോസ്റ്റുമോര്‍ട്ടം നടത്തുമ്പോള്‍
ഒരു പൂവ് കൊണ്ടതിന്‍ കാല്ക്കലായ് വെച്ചപ്പോള്‍
നിലവിളി പോലൊരു പൂവിളി കേട്ടുവോ ?

ആര്‍പ്പുവിളികളാല്‍ ആടിത്തിമിര്‍ക്കുന്ന
"തിരോണം വന്നെന്ന" പാട്ടുമായെത്തുന്ന
കുമ്മാട്ടി ക്കൂട്ടത്തിന്‍ ചാരെയായി നില്‍ക്കുന്നു
ഇന്നും വെറുമൊരു ഓണ പ്പൊട്ടനായി .. കാലം !!

Wednesday, August 18, 2010

തേര്‍ഡ് അമ്പയര്‍ :


തേര്‍ഡ് അമ്പയര്‍ ഇല്ലാത്ത കാലം ..!
ഞാനേറെ വിഷമിച്ച നേരം ...
ഉത്തരമില്ലാത്ത ഒരു ചോദ്യം ,
എനിക്കൊത്തിരി ഇഷ്ടം അതാരെ?

അച്ഛന്‍റെ അരികില്‍ അച്ഛനെയെന്നും,
അമ്മയുടെ അരികില്‍ അമ്മയെയെന്നും
പറ ഞൊളിച്ച എന്‍റെ ബാല്യം !!!
നീണ്ട ഇടവേളക്കു ശേഷം , ദാ
വീണ്ടും അതുപോലൊരു ചോദ്യം .
അന്നെന്നെ ഏറെ കൊതിപ്പിച്ചതെന്ത് ?
ഉത്തരം : കളിപ്പാട്ടം ..!
അതിലേതെന്ന് ഒരു ഉപചോദ്യം ..
പാവയോ , കളിവണ്ടിയോ ?
സുന്ദരിയായൊരു പാവ ,
എന്നെ കണ്ടാല്‍ ചിരിക്കുന്ന , ആരും കാണാതെ കരയുന്ന ..
കിടത്തിയാല്‍ തല്‍ഷണം 'സുല്ലി'ട്ടുറങ്ങുന്ന
എന്‍റെ മനസ്സുപോലൊരു കളിപ്പാവ... !
ചക്രങ്ങള്‍ ഇളകിയ വണ്ടി,
'കീ' നല്‍കിയാല്‍ കുതിക്കുന്ന ,
ചുമരില്‍ ഇടിച്ചാലോ വഴി മാറിയോടുന്ന
ഒരിക്കലും തകരാത്ത ഹൃദയമാകുന്നോരെന്‍
വിലകുറഞ്ഞ പാവം കളിവണ്ടി .

ഇന്നിതില്‍ ഏതിനെയാണ് എനിക്കേറെ ഇഷ്ടം ???
സ്ക്രീനില്‍ തെളിയുന്നു " pending "...!!!

Monday, August 16, 2010

കഥ പറയുന്ന ചിത്രം


അറിയാതെ കോറിയിട്ടൊരു ചിത്രം ...
ഇന്ന് , കഥ പറയുന്നൊരു ചിത്രം,
ഇത് അടിക്കുറിപ്പില്ലാത്ത ചിത്രം ..!

കണ്ണീരു കൊണ്ടോ വിയര്‍പ്പു കൊണ്ടോ
ചാലിച്ചെഴുതിയ ബഹു വര്‍ണ്ണചിത്രം ..!

അകലെയെന്നോ കണ്ട , പ്രണയക്കിനാവിന്‍റെ
പരിഭവമില്ലാത്ത ഒരോര്‍മ്മ ചിത്രം !!!

Friday, August 6, 2010

സെന്‍സസ്....!!



സ്വപ്നങ്ങളെ കുറിച്ചൊരു സെന്‍സസ് എടുക്കുന്നു ..
കൂട്ടലും കിഴിക്കലും കൃത്യമാകുന്നു...!!!!
കാശിക്കു പോയവര്‍ തിരിച്ചു വരുന്നു ..
തുമ്പികള്‍ ചിറകടിച്ചു പറന്നകലുന്നു
ലോകം അവസാനിക്കാറായി എന്ന് തോന്നുന്നു ...!!

കാലഘടികാരത്തിന്‍ അലറല്‍ നിലക്കുന്നു .......
അമ്മിഞ്ഞപാല് കുപ്പിയില്‍ വില്‍ക്കുന്നു ...
ആലിലകള്‍ അനങ്ങാതെ നില്‍ക്കുന്നു ...!!
കടലാസുതോണി കരയിലേക്കെത്തുന്നു...
ലോകം അവസാനിക്കാറായി എന്ന് തോന്നുന്നു ...

പൂക്കളില്ലാതെ ഓണവും എത്തുന്നു ..
പച്ചപട്ടു പാവാടയിട്ട് വേനല്‍ ഊഞ്ഞാല്‍ ആടുന്നു ...
കണ്മഷിയാല്‍ കലങ്ങിയ മിഴികള്‍ ചിരിക്കുന്നു .
മനസ്സ് ഹൃദയത്തിനോട് പറയുന്നു ...
ലോകം അവസാനിക്കാറായി എന്ന് തോന്നുന്നു ..!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!