Monday, December 24, 2012

ഇത് കുരുക്ഷേത്രം ... !




അന്ന് ഹസ്തിനാപുരിയിലായാലും ,
ഇന്ന് ഇന്ദ്രപ്രസ്ഥത്തിലായാലും ...
ഒരു പെണ്ണ് വലിച്ചിഴക്കപ്പെടുമ്പോള്‍,
അവളുടെ രോദനമുയരുമ്പോള്‍ ,
സിംഹാസനത്തിലിരുന്നവര്‍ അന്ധന്മാരായിരുന്നു ...
അവര്‍ മൌനവൃതത്തിലായിരുന്നു .... !

Monday, November 19, 2012

കണ്ണീരിന്‍റെ നിറം .... !



ഗാസയിലെ ഏതോ ഒരു തെരുവില്‍
വിതുമ്പി കരയുന്ന ഒരച്ഛന്‍റെ 
വിറയ്ക്കുന്ന കൈകളില്‍ കിടക്കുന്ന ആ കുട്ടി ,
 എന്‍റെ  മകളെ പോലെയിരിക്കുന്നു .... !!

ആ കുഞ്ഞുടുപ്പ് ... അതേ ചിതറിയ കുറുനിരകള്‍ ....
അവള്‍ ഉറങ്ങുകയാണ് ....
ഈ ലോകത്തിലെ മാതാപിതാക്കളുടെ കണ്ണീരിന്
ഈ സമൂഹം  പ്രത്യേകിച്ച് ഒരു നിറവും കല്‍പിച്ചുകൊടുത്തിട്ടില്ലെത്രേ ..... !!!

Monday, November 12, 2012

മിന്നാമിനുങ്ങ്‌ .. !




ഇന്ന് ദീപങ്ങള്‍ തെളിഞ്ഞ കണ്ണുകളുമായി പുഞ്ചിരിക്കുമ്പോള്‍
ഒരു മിന്നാമിനുങ്ങാകുവാന്‍ മോഹം ....
 ഉള്ളില്‍ തീ കനലുള്ള ഒരു  മിന്നാമിനുങ്ങ്‌ ..
എല്ലാം മറന്നു  നിന്‍  അരികില്‍ വന്നു
ആ എണ്ണവറ്റിയ  മണ്‍ ചിരാതില്‍
 എന്റെ സ്വപ്‌നങ്ങള്‍ അടിയറവുവച്ചുകൊണ്ട്
ഒരു കരിന്തിരിയാകുവാന്‍ മോഹം .... !

Wednesday, September 12, 2012

സ്വയംവരം .... !!


ഇന്നാണ്    നമ്മുടെ  രാജകുമാരിയുടെ  സ്വയംവരം ...
 കുമാരി  അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍
എന്‍റെയുള്ളിലും എങ്ങുമില്ലാത്ത  സന്തോഷം  ...
പക്ഷെ , ആ  കണ്ണുകള്‍ കലങ്ങിയത് കണ്ടപ്പോള്‍ ...!!
അറിയാതെ മനസ്സു ചോദിക്കുന്നു ...
എന്ത് പറ്റി നമ്മുടെ  രാജകുമാരിക്ക് .... ?

കുമാരിക്ക് എന്നും ഇഷ്ടം  ഈ പുഴകളെ സ്നേഹിക്കുന്ന , 
മലകളെ സ്നേഹിക്കുന്ന   ഒരാളെ ....
ഈ പൂക്കളെ സ്നേഹിക്കുന്ന ,
പൂമ്പാറ്റകളെ സ്നേഹിക്കുന്ന ആരോ ഒരാളെ ... !!

അന്യ രാജ്യത്തെ രാജാക്കന്മാര്‍ വന്നിരിക്കുന്നു ,
 രാജകുമാരന്മാര്‍ വന്നിരിക്കുന്നു ...
അവരില്‍ ചിലര്‍  നമ്മുടെ നാടിനെ ആക്രമിച്ചവര്‍  ...
നമ്മുടെ നാടിനെ കൊള്ളയടിച്ചവര്‍ ...!!
എന്നിട്ടും ബന്ധുക്കള്‍ പറയുന്നു ....
'കുമാരി ആ വെളുത്ത നിറമുള്ള രാജകുമാരനെ കണ്ടോ ...?
നീ  ആ കുമാരനെ തന്നെ വരിക്കുക ....
അവനാണ് കൂടുതല്‍ സമ്പന്നന്‍ ....!
അവനാണ് കൂടുതല്‍ സൈന്യമുള്ളവന്‍ ..!!
നിന്‍റെ സൗന്ദര്യം കണ്ട് ... , നിന്‍റെ പാരമ്പര്യ സ്വത്ത് കണ്ട് ...
കടല്‍ കടന്നു വന്നവനാണവന്‍ ....
നീ  ആ കുമാരനെ തന്നെ വരിക്കുക .... !!!'

പൂമാല വലിച്ചെറിഞ്ഞു രാജകുമാരി കുതറിയോടുമ്പോള്‍...
ആ  കൈപിടിച്ച്  ആ വെളുത്ത രാജകുമാരന് നല്‍കികൊണ്ട്  ...
രാജാവ് ഉറക്കെ പറയുന്നു ....
''ഞങ്ങള്‍ക്കും മാറണം .. ഞങ്ങള്‍ക്കും സമ്പന്നരാകണം....
ഇന്നാണ് നമ്മുടെ  രാജകുമാരിയുടെ  സ്വയംവരം .. !!!''

Saturday, June 23, 2012

ഒരു നുള്ള് ... !





" മഴ നനഞ്ഞോടിവന്നപ്പോള്‍ 
അച്ഛനെന്റെ നെറുകയിലിട്ടുതന്ന
ആ  ഒരു  നുള്ള്  രാസനാദിപൊടിയുടെ
 സ്നേഹവും കരുതലും ,
നിങ്ങളെന്റെ നെറുകയില്‍ ചാര്‍ത്തിയ 
ഈ ഒരു നുള്ള് കുങ്കുമത്തിനുണ്ടാകില്ല ...
ഒരിക്കലും ..... ! "

Sunday, May 20, 2012

ക്യാപ്പിറ്റല്‍ പണിഷ് മെന്റ് ... !




ആയിരമായിരം  തീപ്പന്തങ്ങള്‍  ..
ഇന്നൊരു കണ്ണീര്‍ ചാറ്റല്‍ മഴയില്‍  ഒലിച്ചു പോകുമ്പോള്‍ ,
അണയാത്ത  പ്രതീക്ഷയുടെ ചെറുതോണി പോലെ ,
 അരികിലായ്  ഏതോ ഒരു പേടകം .. !
  മുങ്ങി ചാകുമോ ...
  അതോ  നീന്തി പിടിക്കാനാകുമോ ...?

Saturday, March 24, 2012

ടാബ് ലെറ്റ്‌ ... !





അയാളോടുള്ള അവളുടെ വാക്കുകള്‍   ഇങ്ങനെയായിരുന്നു ...

" നേരം വെളുക്കുവോളം ആ ലാപ് ടോപ്പും  കെട്ടിപ്പിടിച്ചിരുന്നാല്‍ 
മനുഷ്യാ ,  നിങ്ങളെ അച്ഛാ എന്ന് വിളിക്കാന്‍ .... !,
വേണ്ട ... എനിക്ക് ആരോടും പരിഭവം ഇല്ല ...

ഇനി  , നിങ്ങളിലൂടെ എനിക്ക് താലോലിക്കാന്‍
 ഒരു ടാബ് ലെറ്റ്  എങ്കിലും  പിറന്നിരുന്നെങ്കില്‍
 എന്ന ചെറിയൊരു മോഹം മാത്രം  ...! "

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!