Wednesday, February 15, 2012

മുറിവ്  ....!




നൂറു ശതമാനം  'സ്റ്റെയിന്‍ലെസ്സ്  സ്റ്റീല്‍ '  ആണ് പോലും ... !
വെട്ടിത്തിളങ്ങിയ  കാലത്ത്  ഒരു  ഹൃദയത്തെ  മുറിവേല്‍പ്പിച്ച  ഓര്‍മ്മകളുമായി  
ഇന്നിതാ   നിറം മങ്ങി ,  മൂര്‍ച്ച കുറഞ്ഞ്  
ഒരു നഖം പോലും മുറിക്കുവാനാകാതെ 
അലസമായി  ഇങ്ങനെ  കിടക്കുമ്പോള്‍  .. അറിയുന്നു ...
ആ   ' നൂറിലെ ഒന്ന് ' പണ്ടേ  മാഞ്ഞു  പോയിരുന്നുവെന്ന്...!
എന്നിട്ടും  പറയുന്നു  'സ്റ്റെയിന്‍ ലെസ്സ്  സ്റ്റീല്‍ ' ആണെന്ന് ...
'സ്റ്റെയിന്‍ലെസ്സ്  സ്റ്റീല്‍ ' .... !!





....

Tuesday, February 7, 2012

വെള്ളിയഴകുള്ള മുല്ല ... !



വെണ്മേഘ നിറമുള്ള പെണ്ണേ ...
നിന്നെ കാത്ത്‌  കാത്ത്‌ ഞാന്‍ നിന്നു ....
വെണ്‍ ത്തൂവല്‍  അഴകുള്ള  പൊന്നേ ..
നിന്നെ തേടി  തേടി ഞാന്‍ വന്നു  ...!

തേന്‍ നുകരണ വണ്ടായ് നീ എന്നുള്ളില്‍  വന്നതാണോ ..
തിരയിളകും കടലായി നീ  എന്‍ നെഞ്ചില്‍ കൂട്ടിനോ ...?

പൂക്കാലം പൂ ചൂടും ഇന്നെന്നില്‍ നീ അല്ലേ ..
നിന്‍ കണ്ണില്‍   കൂട്ടാകും ഈ കാര്‍മേഘം മെല്ലെ !
ഈ കുഞ്ഞു കുഞ്ഞു ചിരിയോടെ ..
നീ മെല്ലെ അരികിലായ് പോരു ...
ഈ കാറ്റ് മൂളും അഴകോടെ 
നീ പാടിയെത്തുമോ ചാരെ ..
തിരി നാളം തെളിയുന്നീ  സ്വപ്‌നങ്ങള്‍  കണ്ടതാണോ ...
മലരിതളായ് കൊഴിയുന്നീ വിരഹം നിന്‍ പാട്ടിനോ ..

പൊന്നാമ്പല്‍ പൂചൂടുംന്നീ രാവിന്‍ സുഗന്ധം   
പൂന്തോപ്പില്‍ വന്നെത്തും നിന്‍ പാലപ്പൂ ഗന്ധം ...!
ഈ കുഞ്ഞു തെന്നലായ് മെല്ലെ ...
നീ ചാരെയെത്തുന്നതല്ലേ ..?
എന്‍ വെള്ളിയഴകുള്ള മുല്ലേ ...
ഈ വെള്ളി രാവില്‍ വരില്ലേ ...?
മണിയറയില്‍ മധുവൂറും മധുരങ്ങള്‍  തന്നതാണോ ..
തിരുമണമായ് .... , ഇനിയെന്നും  സഖിയായ്‌ നീ കൂട്ടിനോ ..!!

വെണ്മേഘ നിറമുള്ള പെണ്ണേ ...
നിന്നെ കാത്ത്‌  കാത്ത്‌ ഞാന്‍ നിന്നു ....
വെണ്‍ ത്തൂവല്‍  അഴകുള്ള  പൊന്നേ ..
നിന്നെ തേടി  തേടി ഞാന്‍ വന്നു  ...!

 ( മനീഷിന്റെ ഈണത്തില്‍ ഞാന്‍ എഴുതിയ ഗാനം ..  ആലാപനം : ഫ്രാങ്കോ  )

Sunday, December 18, 2011

വാടാമലരുകള്‍ ...!!


തെരുവോരത്തും വാടാമലരുകള്‍
സേവന പാതകളില്‍ ...
പെരുമഴയത്തും കാണാം പുലരികള്‍
ജീവിത  യാത്രകളില്‍ .....!!!
ഉണരാം ... ഉയരാം .... മനസ്സുകളേ ...
ഒന്നായ്  അണി ചേരാം ...
നാടിന്‍ മാറില്‍ ചാര്‍ത്താനായ്
കോര്‍ക്കാം കുസുമങ്ങള്‍ ....!!
സ്വാതന്ത്ര്യത്തിന്‍ പറവകളായ്
വാനോളം ഉയരാം...
നെഞ്ചില്‍ നിറയും ജ്വാലയുമായ് ...
സൂര്യനെ വരവേല്‍ക്കാം ....
ഒഴുക്കിനെതിരെ തുഴഞ്ഞു നീങ്ങാന്‍ ‍ ...
കരുത്തു നല്‍കിയ പൂര്‍വികരെ ,
സ്വാതന്ത്ര്യത്തിന്‍  പൊന്പുലരിക്കായ്‌ ...
 ജീവന്‍  നല്‍കിയ സോദരരേ ....
സ്വപ്നം കൊണ്ടൊരു സ്വര്‍ഗ്ഗം പണിയും ..
നവഭാരതത്തിന്‍  ശില്പികളേ .... 
മരുഭൂമികളില്‍ പനിനീര്‍മഴയായ് ...
അറിവുകള്‍ പകരും ഗുരുക്കളേ ....
we salute ... we salute ...

ഉണരാം ... ഉയരാം .... മനസ്സുകളേ ...
ഒന്നിച്ചണി ചേരാം ....
നാടിന്‍ മാറില്‍ ചാര്‍ത്തീടാന്‍
കോര്‍ക്കാം കുസുമങ്ങള്‍ ....!!



(വൊക്കേഷണല്‍ ഹയ്യര്‍സെക്കന്ററിസ്കൂള്‍ , നാഷണല്‍ സര്‍വീസ് സ്ക്കീം തൊഴില്‍ നൈപുണി യജ്ഞം-2020 ന്റെ തീംസോംങ്ങ് . മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ .അബ്ദുള്‍ കലാമിന് നല്‍കി കേന്ദ്ര മന്ത്രി  കെ.വി.തോമസ്‌  പ്രകാശനം നിര്‍വഹിച്ച ദീപക് മാഷിന്റെ ഈണത്തില്‍ ഞാന്‍ എഴുതിയ ഗാനത്തിന്റെ വരികള്‍ ആലാപനം : അനില്‍ റാം)


Wednesday, December 14, 2011

വാഴപ്പഴത്തിന്റെ രുചി .... !




മൂത്ത് പഴുക്കും മുന്‍പേ ,
അതിന്റെ തേന്‍ നുകര്‍ന്ന അച്ഛനെയും ,
അതിന്റെ  ചവര്‍പ്പ് കലര്‍ന്ന രുചിയറിഞ്ഞ
സഹോദരന്മാരെയും സാക്ഷി നിര്‍ത്തി ,
ചന്തയില്‍ വച്ച് ഒരു അമ്മ ....
ഇടറിയ ശബ്ദത്തില്‍ വിളിച്ചു പറയുന്നത് കേട്ടു ....!!
" ഏയ് , ഇത് ഒന്ന് രുചിച്ചു നോക്കൂന്നേ ...
ഇത് നല്ല ചേലുള്ള വാഴക്കുല ...!
എന്റെ മാറിലെ ചൂടും പാലും നല്‍കി ...
എന്റെ വീടിന്റെ മുറ്റത്ത്‌ ,
ഞാന്‍ വളര്‍ത്തിയ വാഴക്കുല ...!!
ഇതിന്റെ മധുരം ഒന്നറിയേണ്ടേ ...?
ഇതിന്റെ വില ....!!!









( കടപ്പാട് : സ്റ്റാഫ്‌ റൂമിലെ  സൗഹൃദസംഭാഷണത്തില്‍
ഈ ചിന്ത പകര്‍ന്നു  തന്ന  ആത്മസുഹൃത്ത്‌ ജെയ് മോന്  ..)

Friday, November 18, 2011

ചെങ്കണ്ണ് .... !



എന്റെ കണ്ണുകള്‍ നിറഞ്ഞത്‌ എന്ത് കൊണ്ടാണെന്ന് ..
അവള്‍ക്കറിയണമെന്ന് .... !
എന്റെ കണ്ണുകള്‍ ഇത്ര ചുവന്നത് എന്ത് കൊണ്ടാണെന്ന്
അവള്‍ക്കറിയണമെന്ന് .... !!

നീയൊന്നകന്നിരിക്കുക ..
നിന്റെ കണ്ണുകളിലേക്ക്  മാത്രം നോക്കിയിരുന്നാല്‍ ..
ഇനിയും എന്റെ കണ്ണുകള്‍ നിറയും ...!
ഇനിയും എന്റെ കണ്ണുകള്‍ ചുവക്കും .... !!

Saturday, October 29, 2011

പ്രണയത്തിന്റെ പ്രത്യയശാസ്ത്രം ...!!


ഇത് നിന്റെ പ്രിയ സഖാവിന്റെ അപേക്ഷ ,
സഖീ നീ എന്നോട് പൊറുക്കുക ...!!
അങ്ങകലെ എങ്ങോ ഉള്ള ...
ഒരു  ചുവന്ന ചക്രവാളം മാത്രം സ്വപ്നം കാണുന്ന
നിന്റെ ഈ സഖാവിനോട് പൊറുക്കുക ..
നിനക്ക് ഞാന്‍ സമ്മാനിക്കുമായിരുന്ന
ആ ചുവന്നവളകളുടെ ഓര്‍മ്മകള്‍ നീ മറക്കുക ..
ജീവിതത്തിലെ ഏക സ്വകാര്യ സ്വപ്നം
ആ കുപ്പിവളകള്‍പോല്‍ പൊട്ടിച്ചിതറിയപ്പോള്‍ 
അറിയാതെ ചിന്നിയ ചോരയുടെ നിറം നിന്‍ നെഞ്ചിലേറ്റി
ആ കറ നീ മറക്കുക ... !
സഖീ നീ പൊറുക്കുക , ഈ ഏകാന്ത പഥികനോട് .. !!
ഇന്നും ചുവക്കാതെ താഴ്ന്നിറങ്ങി പോയ
ആ സൂര്യനെ നോക്കി നില്‍ക്കുമ്പോള്‍ ,
സഖീ നീ അറിയുക ,
ആ നിഴല്‍ എന്റെ ജീവിതത്തിന്റെ നിഴലല്ലെന്ന് ...
ആ നിഴല്‍ നിന്റെതല്ലെന്ന് ....!
നിന്നെയാണെനിക്ക്   നേടേണ്ടിയിരുന്നതെങ്കില്‍ ,
കാലഘടികാരത്തിന്റെ  തുരുമ്പിച്ച സൂചികള്‍
ഒരല്പം കൂടി സമയം എനിക്ക് തരുമായിരുന്നു ..!!!

Thursday, October 13, 2011

കവര്‍ന്നെടുക്കുമ്പോള്‍ ....!



സര്‍വതും കവര്‍ന്നെടുക്കുമ്പോള്‍ ...
ഞാനെഴുതിയ എന്റെ സ്നേഹവാക്കുകള്‍ ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

ഒരിക്കല്‍ ഒരു പ്രണയഗാനം
എന്റെ ചെവിയില്‍ മൂളിയതിനു  പകരമായി ,
അവള്‍ക്കു നല്‍കാന്‍  ഞാന്‍ സൂക്ഷിച്ചു വയ്ക്കുന്ന
ആ സ്നേഹവാക്കുകള്‍ മാത്രം ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

അതിനു ചിലപ്പോള്‍ ഒരു കവിതയുടെ സൗന്ദര്യമുണ്ടാകും ,
ഒരു വിരഹഗാനത്തിന്റെ  താളമുണ്ടാകും ...
ഒരു നഷ്ടസ്വപ്നത്തിന്റെ വേദനയുണ്ടാകും ...
അതുമല്ലെങ്കില്‍
രണ്ട് തുള്ളി കണ്ണീരിന്റെ ഉപ്പുരസമുണ്ടാകും ..
അതേയുള്ളൂ സ്വന്തമായി .. !
അതുകൊണ്ട്  ദയവായി ആ സ്നേഹവാക്കുകള്‍ എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

അതും കൂടി കവര്‍ന്നെടുത്താല്‍ ....

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!