Saturday, October 29, 2011

പ്രണയത്തിന്റെ പ്രത്യയശാസ്ത്രം ...!!


ഇത് നിന്റെ പ്രിയ സഖാവിന്റെ അപേക്ഷ ,
സഖീ നീ എന്നോട് പൊറുക്കുക ...!!
അങ്ങകലെ എങ്ങോ ഉള്ള ...
ഒരു  ചുവന്ന ചക്രവാളം മാത്രം സ്വപ്നം കാണുന്ന
നിന്റെ ഈ സഖാവിനോട് പൊറുക്കുക ..
നിനക്ക് ഞാന്‍ സമ്മാനിക്കുമായിരുന്ന
ആ ചുവന്നവളകളുടെ ഓര്‍മ്മകള്‍ നീ മറക്കുക ..
ജീവിതത്തിലെ ഏക സ്വകാര്യ സ്വപ്നം
ആ കുപ്പിവളകള്‍പോല്‍ പൊട്ടിച്ചിതറിയപ്പോള്‍ 
അറിയാതെ ചിന്നിയ ചോരയുടെ നിറം നിന്‍ നെഞ്ചിലേറ്റി
ആ കറ നീ മറക്കുക ... !
സഖീ നീ പൊറുക്കുക , ഈ ഏകാന്ത പഥികനോട് .. !!
ഇന്നും ചുവക്കാതെ താഴ്ന്നിറങ്ങി പോയ
ആ സൂര്യനെ നോക്കി നില്‍ക്കുമ്പോള്‍ ,
സഖീ നീ അറിയുക ,
ആ നിഴല്‍ എന്റെ ജീവിതത്തിന്റെ നിഴലല്ലെന്ന് ...
ആ നിഴല്‍ നിന്റെതല്ലെന്ന് ....!
നിന്നെയാണെനിക്ക്   നേടേണ്ടിയിരുന്നതെങ്കില്‍ ,
കാലഘടികാരത്തിന്റെ  തുരുമ്പിച്ച സൂചികള്‍
ഒരല്പം കൂടി സമയം എനിക്ക് തരുമായിരുന്നു ..!!!

Thursday, October 13, 2011

കവര്‍ന്നെടുക്കുമ്പോള്‍ ....!



സര്‍വതും കവര്‍ന്നെടുക്കുമ്പോള്‍ ...
ഞാനെഴുതിയ എന്റെ സ്നേഹവാക്കുകള്‍ ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

ഒരിക്കല്‍ ഒരു പ്രണയഗാനം
എന്റെ ചെവിയില്‍ മൂളിയതിനു  പകരമായി ,
അവള്‍ക്കു നല്‍കാന്‍  ഞാന്‍ സൂക്ഷിച്ചു വയ്ക്കുന്ന
ആ സ്നേഹവാക്കുകള്‍ മാത്രം ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

അതിനു ചിലപ്പോള്‍ ഒരു കവിതയുടെ സൗന്ദര്യമുണ്ടാകും ,
ഒരു വിരഹഗാനത്തിന്റെ  താളമുണ്ടാകും ...
ഒരു നഷ്ടസ്വപ്നത്തിന്റെ വേദനയുണ്ടാകും ...
അതുമല്ലെങ്കില്‍
രണ്ട് തുള്ളി കണ്ണീരിന്റെ ഉപ്പുരസമുണ്ടാകും ..
അതേയുള്ളൂ സ്വന്തമായി .. !
അതുകൊണ്ട്  ദയവായി ആ സ്നേഹവാക്കുകള്‍ എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!

അതും കൂടി കവര്‍ന്നെടുത്താല്‍ ....

Sunday, October 9, 2011

" ബുക്ക്‌ - പോസ്റ്റ്‌ ..! "




കത്തുന്ന മനസ്സിലൊരു കുളിര്‍മഴ പെയ്യുംപോല്‍ ,
സൈക്കിളില്‍ എത്തുന്ന കൂട്ടുകാരാ ...,
സ്വപ്‌നങ്ങള്‍ , മുത്തങ്ങള്‍ എല്ലാമൊളിപ്പിച്ച
കത്തുമായെത്തുന്ന കൂട്ടുകാരാ ,
എല്ലാമറിഞ്ഞത്  നിന്നിലൂടെ ..!
എന്റെ ഹൃദയത്തില്‍ നിന്നവള്‍
പറിച്ചുകൊണ്ടോടിയ  നന്ദിനി പെറ്റതും
കിടാവിനു "മുത്തെ''ന്ന് പേരിട്ടതും , പിന്നെ
തെക്കേവളപ്പിലെ മാവ് പൂവിട്ടതും
എല്ലാം അറിഞ്ഞത് നിന്നിലൂടെ .... !!
തറവാട്ടുമുറ്റത്ത്‌  ഓടിക്കളിച്ചൊരു
ഓര്‍മ്മയുമായ് വീണ്ടും ഉത്സവമെത്തുമ്പോള്‍
ഈ വട്ടവും ഞാന്‍ വരില്ലെന്നറിഞ്ഞ , അവളുടെ ...
വേദനയറിഞ്ഞതും  നിന്നിലൂടെ ... !
ഓണവും ക്രിസ്മസും എന്റെ പിറന്നാളു -
മോര്‍ത്തവള്‍ അയയ്ക്കുന്ന ആശംസാകാര്‍ഡുമായ്,
സൈക്കിള്‍ മണിയുടെ പൊട്ടിച്ചിരിയോടെ ,
വീട്ടിലേക്കെത്തുന്ന കൂട്ടുകാരാ .. ,
അവളുടെ സ്നേഹമറിഞ്ഞതും  നിന്നിലൂടെ ..!!
നേരിട്ട് മാത്രം തരാറുള്ള  'ബുക്ക്‌ പോസ്റ്റ്‌ '
ഉമ്മറത്തേക്കെറിഞ്ഞു നീയിന്നു പോയപ്പോള്‍ ...
നീ ചിരിക്കുന്നത് കണ്ടില്ല ഞാന്‍ , എന്നാല്‍
പതിവില്ലാതെയെന്നെ കളിയാക്കി ചിരിക്കുന്ന
ആ ബുക്ക്‌ - പോസ്റ്റിനെന്തിത്ര ചന്തം ?
അവളുടെ കല്യാണക്കുറിയുടെ ചന്തം ...!!!!

Wednesday, August 24, 2011

ഓണവും , നിന്റെ നാണവും ... !!

http://www.youtube.com/watch?v=LzHxwotWYm4


ഓണം വന്നേ , പൊന്നോണം വന്നേ ,
ചിങ്ങനിലാവിനൊരുമ്മ കൊടുക്കണ നേരം വന്നേ ..
മലയാള ത്തനിമയുണര്‍ത്തണ നാടന്‍ ചേല്  ,
വേണ്മേഘം പൂത്തു നിറഞ്ഞൊരു വാനിന്‍ ചേല്
മഴവില്ലിന്‍ മാല കൊരുക്കാന്‍ ,
പൊന്‍ വെയിലിന്‍ കോടിയുടുക്കാന്‍
തൂമഞ്ഞിന്‍ക്കതിരുകള്‍ ചൂടി  പോരൂ പെണ്ണേ ...
ഓണം വന്നേ , പൊന്നോണം വന്നേ
ചന്തമെഴുന്നൊരു പൂക്കളമെഴുതാന്‍ പോരൂ പെണ്ണേ..
മനമാകെ പൂക്കാലം വന്നോ ചങ്ങാതി ,
കുറിമാനം കൊതി തീരെ കണ്ടോ ചങ്ങാലീ ...
കരവിരുതാല്‍ പൂവിട്ട്‌ , ഇടനെഞ്ചില്‍ തുടി കൊട്ടി ..
തിരിഞ്ഞ് ചെരിഞ്ഞ് ഊഞ്ഞാലാടിയൊരോലപ്പൂഞ്ഞാലി ..
ഓണം വന്നേ , പൊന്നോണം വന്നേ
പുന്നെല്ലിന്‍ കതിര്‍ നുള്ളിയെടുക്കാന്‍ പോരൂ പെണ്ണേ..
നിര നിരയായ്‌ പൊന്നാമ്പല്‍ കണ്ടോ കണ്ണാളേ.. ,
ഒരു പൊന്നിന്‍ കുടമായ് നീ നിന്നോ പെണ്ണാളെ..
കളിയാട്ടം കാണാതെ , കളിവാക്കും മിണ്ടാതെ ...
പതുങ്ങി, ഒതുങ്ങി ചാരെയെത്തണ നാടന്‍ പൂത്തുമ്പി .....
ഓണം വന്നേ , കല്യാണം  വന്നേ ,
കോടിയുടുത്തൊരു മോതിരമണിയാന്‍ പോരൂ പെണ്ണേ.... !

( സുഹൃത്ത് മനീഷിന്റെ ഗാനത്തിന്  വേണ്ടി ഞാനെഴുതിയ വരികള്‍ )

Sunday, July 31, 2011

പാഴ് വാക്കുകള്‍ ...!!


എന്‍ ഖല്‍ബില്‍ വന്നൊരു തെന്നലേ ,
കണ്ടുവോ എന്നോമല്‍ തിങ്കളെ ,
റംസാന്‍ നിലാവത്ത്  വന്ന് നീ  
പുഞ്ചിരി തൂകി കൊണ്ടിന്നലെ ..
കുപ്പിവളകളും തട്ടവും
തത്തമ്മപ്പട്ടിന്റെ ചേലുമായ്
മാറോട് ചേര്‍ത്തൊരു പുസ്തക -
ത്താളില്‍ ഞാനെഴുതിയ പാട്ടുമായ്  ...
വന്നു കിനാവില്‍ നീ ഇന്നലെ
അത്തറിന്‍ മണമുള്ളോരോര്‍മ്മയായി ....
അന്ന് ഞാന്‍ ഓതിയ വാക്കുകള്‍
ഇന്നെല്ലാം വെറും പാഴ് വാക്കുകള്‍ ..
  "  നീയല്ലാതാരെന്റെ ജീവിത
     തോണി തുഴയുമെന്‍ സുന്ദരി ...! "
 
(പ്രീഡിഗ്രി  കാലത്ത്  മനസ്സില്‍ ഞാന്‍ എഴുതിയ വാക്കുകള്‍  ഈ റംസാന്‍ മാസത്തില്‍ വീണ്ടും അറിയാതെ  തേട്ടി വന്നപ്പോള്‍ ...)

Sunday, July 24, 2011

മൂന്ന് സഖികള്‍ ...!!!



ബാല്യകാലസഖി  :
ആ കൊച്ചു കള്ളിയെ കണ്ടിട്ടുണ്ടോ  ?
പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയുടെ വേലിക്കരികില്‍
എന്നും കാത്തുനിന്നിരുന്ന ആ കള്ളിച്ചെടിയെ ...
രണ്ടായി പൊട്ടിയ കറുത്ത പ്രതലത്തില്‍
അര്‍ത്ഥമറിയാതെ കോറിയിട്ട വാക്കുകള്‍
കണ്ണീരിനാല്‍ മാച്ചു കളഞ്ഞ് ...
പിന്നീടെനിക്ക് ഓര്‍മ്മിക്കാനായ്
മനസ്സിലൊരു പോറല്‍ മാത്രം നല്‍കി അകന്നു പോയ..
എന്റെ കളിക്കൂട്ടുകാരിയെ ... !

പ്രണയസഖി  :
ആ റോസ് നിറമുള്ള സുന്ദരിയെ കണ്ടിട്ടുണ്ടോ  ?
കവിതയെഴുതി തുടങ്ങിയ നാളുകളില്‍
എന്റെ പെന്‍സിലിന്റെ പിറകില്‍ ഒട്ടിപ്പിടിച്ചിരുന്ന
ഒരിക്കലും ആരോടും പിണങ്ങാത്ത ആ കൊച്ചു റബ്ബറിനെ ..
എന്റെ തെറ്റുകളെല്ലാം മാച്ചു കളഞ്ഞ്  സ്വയം ഇല്ലാതായപ്പോള്‍
ഞെളങ്ങിയ സ്വര്‍ണ്ണനിറമുള്ള ബന്ധനത്തിന്റെ വേദന
എനിക്ക് കൂടി സമ്മാനിച്ചു സ്വയം പൊടിഞ്ഞില്ലാതായ
എന്റെ പ്രിയ കൂട്ടുകാരിയെ ... !

ജീവിതസഖി :
എന്റെ പച്ച പരിഷ്കാരിപ്പെണ്ണിനെ കണ്ടിട്ടുണ്ടോ  ?
ലാപ്‌ ടോപ്പിലെ വലത്തേ മൂലയില്‍
എപ്പോഴും പുഞ്ചിരിച്ചു നില്‍ക്കുന്ന ആ ഡിലീറ്റ് ബട്ടനെ ..
'ആരോ' പഴമയിലേക്കു കൊണ്ടുപോകുമ്പോഴും
അതിനനുവദിക്കാതെ  അരികിലിരുന്ന് ഒരു നിമിഷം കൊണ്ട്
നെറുകയില്‍ ഒരു ചുംബനം നല്‍കി
എല്ലാ വേദനകളും ഇല്ലാതാക്കുന്ന ..
എന്റെ ഹൃദയത്തിന്റെ പുതിയ സ്വര്‍ണ്ണ താക്കോലിനെ ...!

മൂവരോടും എനിക്ക് നന്ദിയുണ്ട്  ...
എന്റെ സ്വപ്നങ്ങള്‍ മായ്ചു കളയാതിരുന്നതിന്  ...!!!

Sunday, July 17, 2011

സ്വര്‍ണ്ണ നിറമുള്ള മുക്കുറ്റിപ്പൂ ...!!!



രാമായണ മാസമാകുമ്പോഴിപ്പോഴും
രാമ മന്ത്രങ്ങള്‍  മനസ്സിലില്ല ...!
ആ മര മറവില്‍വച്ചന്നു നീ ഓതിയ
പ്രേമമന്ത്രങ്ങളെ ബാക്കിയുള്ളൂ ...!
സ്വര്‍ണ്ണനിറമുള്ളനിന്‍ മൂക്കുത്തി പോലെയാ -
ണിന്നുമെന്‍ ഉള്ളിലെ മുക്കുറ്റിപ്പൂ ..

തത്തമ്മ പച്ചില ചാലിച്ചെടുത്തന്നു
നെറ്റിയിലൊരു ചെറുകുറി വരച്ച് ,
ആ ചെടി നുള്ളി നിന്‍ അഴകാര്‍ന്ന കൂന്തലില്‍
അലസമായ് വയ്ക്കുന്ന ഓര്‍മ്മകളും ....
പൂമാനം കാണാതെ സൂക്ഷിച്ചു വച്ചിടും
പുസ്തകത്താളിലെ പീലികളും...
എല്ലാരും കൈകോര്‍ത്ത് വീണ്ടുമാ കുന്നിലെ
അമ്പല മുറ്റത്ത്‌ പോകുന്നേരം ....
എല്ലാം ...!!!  വെറുമൊരു സ്വപ്നമായി പൊഴിയവേ,
ഹൃദയമൊരു ഭൂമിദേവിയായ് പിളരവേ....
കാലമെന്‍ കാതിലൊരു മന്ത്രമോതുന്നിതാ ..
" കരയൂ നീ ... സരയൂ നദി കണക്കേ ...!!! "

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!