Thursday, December 14, 2017

കറുത്ത കവിത

കവി തിരികെ വിളിച്ചിട്ടും
വേരറ്റ് പറന്നുപോയ
അനുസരണയില്ലാത്തൊരു പൊട്ടിയ പട്ടം !

Sunday, June 2, 2013

മാറാത്തത് ....!


അന്ന് ' മഴ മഴ , കുട കുട ' പാടി  ..
ഇന്ന്  'പിസ്താ സുമ്മാക്കിറാസാ'  പാടി ..
അന്ന് ' പുതിയ ബാഗും പുതിയ ഉടുപ്പും  പിന്നെയോ ' ,
വേറെ എന്തൊക്കെയോ കൂടി നെഞ്ചോടു ചേര്‍ത്ത് ..
ഇന്ന് കയ്യിലൊരു  തോക്കുമായി  !!
വെള്ളം ചീറ്റും തോക്കുമായി ...
പക്ഷെ  അന്നും മഴയുണ്ട് ... ഇന്നും ..
മാറാത്തതായി നീയും ഞാനും ...!

Friday, May 31, 2013

ഒരു കൈ സഹായം ..... !!


പുള്ളിക്കുടയുമായ് പള്ളിക്കൂടത്തില്‍ ,
പോകുവാന്‍ മോഹിച്ച കാലം ...
 പുസ്തക താളിലെ പൊന്‍മയില്‍‌പ്പീലി
എന്നെ പഠിപ്പിച്ച പാഠം ...
 ഒരു കൈ സഹായം .....  !!

കീറിയ പുസ്തകസഞ്ചിയിലൊതുങ്ങാത്ത ,
പൊട്ടിയ സ്ലേറ്റുമായ് ,
 ഒട്ടിയ വയറുമായ്  ക്ലാസ്സിലിരിക്കുമ്പോള്‍ ...
ഉച്ചകഞ്ഞി വിളമ്പിയ കൈകള്‍,
 എന്നെ പഠിപ്പിച്ച പാഠം ...
 ഒരു കൈ സഹായം .....  !!

തോരാതെ പെയ്യുന്ന കണ്ണീര്‍ മഴയത്ത്
നീറുന്ന ബാല്യത്തിന്‍ തീരത്ത് ....
മുറിയന്‍ പെന്‍സിലാല്‍
എഴുതിപിടിപ്പിച്ച
ജീവിതമാകുന്ന പാഠം ....
സ്നേഹത്തിന്‍ മണമുള്ള പാഠം ...
ഒരു കൈ സഹായം .....  !!

 ആ പാഠം ... നമുക്കൊന്നിച്ചു പാടാം ...

Wednesday, March 6, 2013

ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ഒരു നല്ല കവിയല്ല .... !!

 സീന്‍ ഒന്ന് :

മുത്തശ്ശിയുടെ മടിയില്‍ കിടന്നുറങ്ങുന്ന ഉണ്ണി ..
സന്ധ്യാനേരത്തെ ഇളംകാറ്റില്‍ ,
അണയാന്‍ തുടങ്ങുന്ന നിലവിളക്ക് ..
ആക്ഷന്‍ ...!
ഉണ്ണിയുടെ തലമുടിയില്‍ തലോടി കൊണ്ട് ,
മുത്തശ്ശി പറയുന്നു ....
" നമ്മുടെ മുതുമുത്തശ്ശന്മാര്‍,
ഈ പുഴ നീന്തികിടന്നാണ് വന്നത് ...!
നാമിവിടെ താമസമാക്കിയത് ഈ പുഴ കാരണമാണ് ...
നാമൊരിക്കല്‍ മരിക്കും ..
പക്ഷെ ,ഈ പുഴ ഒരിക്കലും മരിക്കരുത്‌ ....! "

സീന്‍ രണ്ട് :


ഉണ്ണിമാഷിന്‍റെ ക്ലാസ്സ്മുറി
ഇന്ന് ആ ഉണ്ണി വളര്‍ന്ന് ഉണ്ണിമാഷ്‌ ആയിരിക്കുന്നു ...!

മാഷിന്‍റെ പിറകിലെ ബ്ലാക്ക്‌ ബോര്‍ഡില്‍ ..
' പുഴ ' എന്ന് വലുതായി എഴുതിയിരിക്കുന്നു ..
മുത്തശ്ശിയുടെ പഴയ വാക്കുകള്‍ ഒരു അശരീരി പോലെ ... !

സീന്‍ മൂന്ന് :


ആദ്യ സീനില്‍ മുത്തശ്ശിയുടെ മടിയില്‍ കിടന്നപോലെ ,
രാവിലെ പുഴക്കരയിലെ നിരാഹാര പന്തലില്‍ ,
ചുരുണ്ടുകൂടി കിടക്കുന്ന ഉണ്ണി മാഷ്‌ ...!
വലതുവശത്ത് പൊട്ടിപൊളിഞ്ഞ ബ്ലാക്ക്‌ബോര്‍ഡില്‍ ,
ഒരു മഞ്ഞ നിറമുള്ള ചാര്‍ട്ട് പേപ്പറില്‍ എഴുതിപ്പതിച്ചിരിക്കുന്ന
" പുഴ മരിക്കരുത്‌ ,
ഉണ്ണി മാഷ്‌ - നിരാഹാരം നാലാം ദിവസം "
എന്ന വാക്കുകളിലേക്കു ഒരു ക്ലോസ് - അപ് ഷോട്ട് ..!

മണലുമായി ഇരുവശത്തിലൂടെയും പോകുന്ന
ടിപ്പര്‍ ലോറികളും പെട്ടി ഓട്ടോറിക്ഷകളും ...!
പന്തലിനരികില്‍ പരിഹാസച്ചിരിയുമായി ,
തലയില്‍ ചുവന്ന കെട്ടും മഞ്ഞ കെട്ടുകളുമായി നീലക്കുപ്പയക്കാര്‍..!
" ഈ മാഷിനു ഇതിന്‍റെ വല്ല ആവശ്യമുണ്ടോ "യെന്ന് ശരത്തിന്‍റെ അച്ഛന്‍
" മണലില്ലെങ്കില്‍ വികസനമുണ്ടാകുമോ " യെന്ന് ഡ്രൈവര്‍ ജോസേട്ടന്‍.
നിറകണ്‍പുഞ്ചിരിയുമായി പന്തലിലെ പുല്ലുപായയില്‍,
ഒന്നും മിണ്ടാതെ തളര്‍ന്നിരിക്കുന്ന ഉണ്ണിമാഷ്‌ ..!

സീന്‍ നാല് :


നിരാഹാരപന്തലില്‍ ചുട്ടു പൊള്ളുന്ന വെയിലില്‍ ,
പുഴയെ നോക്കിയിരിക്കുന്ന ഉണ്ണി മാഷ്‌ ..!
സ്കൂള്‍ബാഗുമായി പുഴക്കരയിലേക്കെത്തുന്ന
ഉണ്ണിമാഷിന്‍റെ ക്ലാസ്സിലെ കുട്ടികള്‍ ..!
" മാഷെന്താ ഉസ്ക്കൂളില്‍ വരാത്തേ ?" യെന്ന്
എട്ടു സീയിലെ അജോമോന്‍ ..
" ഉണ്ണിമാഷൊന്നും കഴിച്ചിട്ടില്ലേ ?" യെന്ന്
തലയില്‍ മഞ്ഞ ' റ ' വച്ച അമ്മുക്കുട്ടി ..!!
വലിയ ടവല്‍ കൊണ്ട് പൊതിഞ്ഞ ചോറുപാത്രമെടുത്ത്‌ ,
അത് തുറന്ന് , ഉണ്ണിമാഷിന്‍റെ നേരെ നീട്ടുന്നു ശരണ്യ ...!
ചതുരത്തിലുള്ള ആ ചോറു പാത്രത്തിന്‍റെ മൂലയില്‍,
ചുവന്ന നിറമുള്ള കണ്ണിമാങ്ങാ അച്ചാറിന്‍റെ അരികില്‍ ,
പതുങ്ങിയിരിക്കുന്ന പുഴുങ്ങിയ കോഴിമുട്ടയുടെ
ഒരു അലസമായ ഷോട്ട് ..!
ഉണ്ണി മാഷിന്‍റെ കണ്ണുനിറയുന്നു ..

" ക്ലാസ്സില്‍ വാ മാഷേ" യെന്ന് കെഞ്ചികൊഞ്ചുന്ന കുട്ടികള്‍ ,
" പുഴ മരിക്കരുതെന്നെ" ഴുതിയ മഞ്ഞ ചാര്‍ട്ട് പേപ്പര്‍ വലിച്ചെടുത്ത്
പുഴയുടെ അരികിലേക്ക് നടന്നു പോകുന്ന ഉണ്ണിമാഷ് ...
പിറകെ ഉണ്ണിമാഷിന്‍റെ കുട്ടികളും ....!

സീന്‍ അഞ്ച് :


പുഴയുടെ തൊട്ടരികില്‍ മുട്ടുകുത്തിയിരുന്ന് ,
മഞ്ഞ ചാര്‍ട്ട് പേപ്പര്‍ കൊണ്ടുണ്ടാക്കിയ കടലാസു വഞ്ചി
ഒഴുക്കുന്ന ഉണ്ണി മാഷ് ...!
ആ മഞ്ഞ വഞ്ചിയുടെ പിറകില്‍ ,
നോട്ടുബുക്കിന്‍റെ വരയുള്ള കടലാസ്സു വഞ്ചികള്‍
ഒഴുക്കാ
നൊരുങ്ങുന്നു  അമ്മുവും ശരത്തും
അജോ മോനും രഞ്ജിത്തും പിന്നെ മറ്റു ചിലരും ....!
പ്രതീക്ഷയോടെ ആ കുരുന്നുകളെ നോക്കി ചിരിക്കുന്നു ,
അവരുടെ പ്രിയപ്പെട്ട ഉണ്ണിമാഷ് ..!!


'' കട്ട്‌ ......! നോക്കൂ പുഴയില്‍ കടലാസ്സു വഞ്ചികള്‍ ഒഴുകുന്നില്ല ...
റീ ടേക്ക് .... !"

Thursday, February 21, 2013

ഒരു പ്രാര്‍ത്ഥന .... !




സഹോദരീ ...

നിന്‍റെ പേരില്‍  നിന്‍റെ  ജന്മസ്ഥലം ....
ഒരിക്കലും അറിയപ്പെടാതിരിക്കട്ടെ ...

ഇത് ഒരു സഹോദരന്‍റെ പ്രാര്‍ത്ഥന .... !!!



..

Monday, December 24, 2012

ഇത് കുരുക്ഷേത്രം ... !




അന്ന് ഹസ്തിനാപുരിയിലായാലും ,
ഇന്ന് ഇന്ദ്രപ്രസ്ഥത്തിലായാലും ...
ഒരു പെണ്ണ് വലിച്ചിഴക്കപ്പെടുമ്പോള്‍,
അവളുടെ രോദനമുയരുമ്പോള്‍ ,
സിംഹാസനത്തിലിരുന്നവര്‍ അന്ധന്മാരായിരുന്നു ...
അവര്‍ മൌനവൃതത്തിലായിരുന്നു .... !

Monday, November 19, 2012

കണ്ണീരിന്‍റെ നിറം .... !



ഗാസയിലെ ഏതോ ഒരു തെരുവില്‍
വിതുമ്പി കരയുന്ന ഒരച്ഛന്‍റെ 
വിറയ്ക്കുന്ന കൈകളില്‍ കിടക്കുന്ന ആ കുട്ടി ,
 എന്‍റെ  മകളെ പോലെയിരിക്കുന്നു .... !!

ആ കുഞ്ഞുടുപ്പ് ... അതേ ചിതറിയ കുറുനിരകള്‍ ....
അവള്‍ ഉറങ്ങുകയാണ് ....
ഈ ലോകത്തിലെ മാതാപിതാക്കളുടെ കണ്ണീരിന്
ഈ സമൂഹം  പ്രത്യേകിച്ച് ഒരു നിറവും കല്‍പിച്ചുകൊടുത്തിട്ടില്ലെത്രേ ..... !!!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!