
എട്ടില്‍ ജനിച്ചവനല്ലേ , ഞാനും ?
എങ്കിലും ഈയൊരു ജീവിത യാത്രയില്‍
കണക്കു കൊണ്ടൊരു കളി കൂടി നോക്കാം ..
സ്വപ്നങ്ങള്‍ 'റീ-ചാര്‍ജ്ജു' ചെയ്യുവാനായി
ആശ്രയം ലോട്ടറി ടിക്കറ്റ് മാത്രം ..!!
അടവുകള്‍ പതിനെട്ടും പയറ്റുവാനായിട്ടു
ഒടുവിലെ ' പതിനെട്ട്' ഇങ്ങ് തായോ ..
കളരികള്ക്കാശാനാം ആഡംസ് സ്മിത്തേ
ആഡംബരമൊന്നുമല്ല സ്വപ്നം
പ്രണയവും പണയംവയ്ക്കുന്ന ഈനാട്ടില്‍
പാണ്ഡവര്‍ അല്ലയെന്‍ മുന്‍ഗാമികള്‍ .
മരണം 'ലൈവ്' ആക്കും മാധ്യമസംസ്കാരം
മാതൃകയാക്കുന്ന ചൂതാട്ടത്തില്‍
പകിടതന്‍ ഒടുവിലെ ഭാഗ്യനമ്പര്‍
'പന്ത്രണ്ടും' പരീക്ഷിച്ചു തോറ്റുപോയി
രാജാവിന് മകന്റെ ഓര്‍മ്മയുണര്‍ത്തുന്ന
ഡബിള്‍ ടു ഡബിള്‍ ഫൈവും ചതിച്ചുവെന്നെ
മായാവിതന് ട്രിപ്പിള്‍ ഫൈവ് മിസ്സായ ശേഷം
ചെകുത്താന്റെതായ ട്രിപ്പിള്‍ സിക്സും
പിന്നെയെന്‍ ഫോണിന്റെ ഒടുവിലെ മൂന്നക്കം
'അഞ്ഞൂറ്റി മുപ്പത്തിയേഴു' തായോ ...!!
ഭാഗ്യമില്ലത്തവന്‍ എടുക്കുന്ന നമ്പറുകള്‍
ദയവായി ഇനിയാരും എടുക്കരുത് !
എന്റെകൂടെ പാടി ശ്രുതി തെറ്റിപ്പോയെന്നു
ആരോടും പോയിനി പറയരുത് !
ഒന്നാമനാകുവാന്‍ മോഹിച്ച , ദാഹിച്ച
"പതിമൂന്നു" കാരന്റെ അപേക്ഷ മാത്രം ...!!!